തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നത് ജൂലൈ 20ലേക്ക് മാറ്റി. പരാതിക്കാരനായ ആര്.എസ് ശശികുമാറാണ് കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ പരാതിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ് : മാറ്റാനാവശ്യപ്പെട്ട് ബുദ്ധിമുട്ടിപ്പിക്കുന്നതെന്തിനെന്ന് പരാതിക്കാരനോട് ലോകായുക്ത - kerala news updates
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നത് ജൂലൈ 20ന്. കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട പരാതിക്കാരനെ വിമര്‍ശിച്ച് ലോകായുക്ത. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ നിര്‍ദേശം.
കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നല്ലതാണെന്നും ഇതുസംബന്ധിച്ച് ഇടക്കിടയ്ക്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വരുമല്ലോയെന്നും കോടതി പരിഹസിച്ചു. എന്തിനാണ് ഇത്തരത്തില്‍ തങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. കേസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെടാതെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ പരാതിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
പല ദിവസങ്ങളിലായി ലോകായുക്ത ഫുള്‍ ബഞ്ച് ചേരുന്നുണ്ട്. ഈ കേസ് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷമെന്നും ലോകായുക്ത വാദത്തിനിടെ പറഞ്ഞു. എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും 2017 ഒക്ടോബർ 4ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും 2018 ജനുവരി 24ന് ചെങ്ങന്നൂർ മുൻ എംഎൽഎ എ.രാമചന്ദ്രൻ്റെയും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് തുക വഴിവിട്ട് നൽകിയതായാണ് ഹർജിയിലെ ആരോപണം.