തിരുവനന്തപുരം:ലോകായുക്ത നിയമ ഭേദഗതിയില്‍ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടത്തും. നിയമസഭ ചേരുന്ന 22-ാം തിയതിക്ക് മുൻപ് ചർച്ച നടത്താനാണ് സാധ്യത. ലോകായുക്ത നിയമ ഭേദഗതി ബില്ല് നിയമസഭയില്‍ വരാനിരിക്കെയാണ് വിശദമായ ചര്‍ച്ച വേണമെന്ന ആവശ്യം സിപിഐ വീണ്ടും ഉന്നയിച്ചത്.
ബില്ല് തയ്യാറാക്കും മുന്‍പ് ചര്‍ച്ച നടത്തണമെന്ന് സിപിഎം നേതൃത്വത്തോട് സിപിഐ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ റദ്ദായ ഓര്‍ഡിനന്‍സുകളില്‍ വിവാദമായ ലോകായുക്ത നിയമ ഭേദഗതിയും ഉള്‍പ്പെട്ടതാണ് ചര്‍ച്ചയ്ക്ക് ആധാരം. നിയമ നിര്‍മാണത്തിന് മാത്രമായി ഈ മാസം 22 മുതലാണ് നിയമസഭ ചേരുന്നത്.
ഈ സാഹചര്യത്തിലാണ് ബില്ല് തയ്യാറാകുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ച വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നത്. ചർച്ച ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സിപിഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്‌ണനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും.
റവന്യു മന്ത്രി കെ. രാജന്‍, നിയമ മന്ത്രി പി. രാജീവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഭേദഗതിക്കെതിരെ സിപിഐ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മന്ത്രിസഭ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ഭേദഗതിയോടുള്ള വിയോജിപ്പും രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ ചര്‍ച്ച വേണമെന്ന സിപിഐ മന്ത്രിമാരുടെ ആവശ്യത്തോട് ബില്ല് നിയമസഭയില്‍ എത്തുമ്പോള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാകും ഉഭയകക്ഷി ചര്‍ച്ച.