തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ പരാതിക്കാരെ പരിഹസിച്ച് ലോകായുക്ത. കേസ് വീണ്ടും മാറ്റിവയ്ക്കണമെന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാറിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോകായുക്തയുടെ ഭാഗത്തുനിന്നും പരിഹാസമുണ്ടായത്. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്നായിരുന്നു ലോകായുക്തയുടെ വിഷയത്തില്‍ പരിഹസിച്ചുകൊണ്ട് പറഞ്ഞത്.
കേസ് തലയില്‍ നിന്ന് പോയാല്‍ സന്തോഷം:കേസ്ഇടയ്ക്കിടെ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പത്രവാര്‍ത്ത വരുമല്ലോയെന്നും ലോകായുക്ത പരിഹസിച്ചു. ലോകായുക്തയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനെന്നും ചോദിച്ചു. ഈ കേസൊന്ന് തലയില്‍ നിന്ന് പോയാല്‍ അത്രയും സന്തോഷമാണെന്നും ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഹര്‍ജി നല്‍കിയിന് ശേഷം ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ നിരന്തരം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ഉപലോകായുക്ത ബാബു മാത്യു പി തോമസ് വിമര്‍ശിച്ചു. കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കവെ മാറ്റണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്.
വിമര്‍ശനവും പരിഹാസവും നടത്തിയെങ്കിലും പരാതിക്കാരന്‍റെ ആവശ്യം ലോകായുക്ത അംഗീകരിച്ചു. ഈ മാസം 20ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. കേസില്‍ 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍, ഒരു വര്‍ഷം കൂടി കഴിഞ്ഞ് 2023 മാര്‍ച്ച് 31നാണ് ലോകായുക്ത വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്‌ത അഭിപ്രായമുള്ളതിനാല്‍ ഹര്‍ജി മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു. ഇതിനെതിരെയാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വീണ്ടും ഫുള്‍ബെഞ്ച് വാദം കേള്‍ക്കുമ്പോള്‍ വിധി വരുന്നത് വൈകുമെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. ഒരിക്കല്‍ വാദം കേട്ട കേസില്‍ വീണ്ടും വാദം കേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഹൈക്കോടതി വരും ദിവസങ്ങളില്‍ പരിഗണിക്കും.
ലോകായുക്തയില്‍ ഫയല്‍ ചെയ്‌ത കേസുകള്‍:ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്‌റ്റന്‍റ് എന്‍ജിനീയറായി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്‌തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോകായുക്തയില്‍ കേസിന്‍റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ 14ാം വകുപ്പ് ഭേദഗതി ചെയ്‌തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്ന് പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പ് വയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്നതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്.