തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിനെതിരെ മന്ത്രിസഭ യോഗത്തില്‍ എതിര്‍പ്പുയര്‍ത്തി സി.പി.ഐ മന്ത്രിമാര്‍. റവന്യൂ മന്ത്രി കെ.രാജന്‍, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരാണ് ബില്ല് അവതരിപ്പിക്കുന്നതില്‍ അനൗചിത്യം ചൂണ്ടിക്കാട്ടിയത്. ബില്ല് ഇതേ രൂപത്തില്‍ ഇപ്പോള്‍ പരിഗണിക്കരുതെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ബില്ല് അവതരിപ്പിക്കാമെന്നും സി.പി.ഐ മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ഓര്‍ഡിനന്‍സ് റദ്ദായിരിക്കുകയാണെന്നും, അത് വീണ്ടും ബില്ലായി അവതരിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അതിനാല്‍ ബില്ല് അവതരിപ്പിച്ച ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.