തിരുവനന്തപുരം : ലോക കേരള സഭയ്ക്കായി (Loka Kerala Sabha) വിദേശത്തേക്ക് പോകാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. ഒക്ടോബർ 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് സംഘം പോകാനൊരുങ്ങുന്നത് (Lok Kerala Sabha in Saudi Arabia next month). വിദേശയാത്രയ്ക്ക് അനുമതി തേടി സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകി.
ലണ്ടൻ സമ്മേളന സമയത്ത് തന്നെ ഇതും തീരുമാനിച്ചതായാണ് വിവരം. അതേസമയം, അമേരിക്കയിൽ ലോക കേരളസഭയുടെ മേഖലാസമ്മേളന സംഘാടനത്തിന്‍റെ പേരില്‍ കോടികളുടെ പണപ്പിരിവ് നടത്തിയതായി പ്രതിപക്ഷം ആരോപണം ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത പരിപാടിക്ക് അമേരിക്കൻ മലയാളികളുടെ ഗ്രൂപ്പുകളിൽ മന്ത്രിമാരുടെ ചിത്രം സഹിതമുള്ള പോസ്റ്ററുകൾ പങ്കുവച്ചാണ് പണപ്പിരിവ് നടത്തിയത്.
82 ലക്ഷം രൂപ വിലവരുന്ന ഗോൾഡ്, സിൽവർ പാസുകൾ എടുക്കുന്നവർക്ക് മുഖ്യമന്ത്രി ഉൾപ്പടെയുള്ള വിശിഷ്‌ട അതിഥികളുമായി വേദി പങ്കിടുകയും അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യാം എന്നായിരുന്നു വാഗ്‌ദാനം. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സിൽവർ പാസിന് 41 ലക്ഷം രൂപയായിരുന്നു നിരക്ക്. ബ്രൗൺസ് പാസിനായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 20.5 ലക്ഷം രൂപ.
ലോക കേരളസഭക്കെതിരെ വ്യാപക വിമർശനം : മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ഒരാളിൽ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനം പാലിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran) കുറ്റപ്പെടുത്തിയിരുന്നു. കമിഴ്ന്നുവീണാൽ കാൽപ്പണം എന്നത് സിപിഎമ്മിന്‍റെ സ്വഭാവമാണെന്നും സുധാകരൻ പരിഹസിച്ചിരുന്നു. പ്രവാസികളെ മുഴുവൻ പണത്തിന്‍റെ അടിസ്ഥാനത്തിൽ തരംതിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും (VD Satheesan) കുറ്റപ്പെടുത്തിയിരുന്നു.