തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള തീരുമാനം. രണ്ടാം വാർഷികാഘോഷങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ തുടക്കമാക്കാനാണ് തീരുമാനം.
സർക്കാരിന്‍റെ ജനക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിപുലമായ പ്രചാരണം നടത്തും.സംസ്ഥാന വ്യാപകമായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 140 നിയമസഭ മണ്ഡലങ്ങളിലും ബഹുജന റാലികൾ നടത്തും.
ഓരോ റാലിയിലും 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് പിന്നാലെയാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലും റാലികൾ സംഘടിപ്പിക്കുന്നത്. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പൊതുയോഗങ്ങൾ നടന്ന സ്ഥലങ്ങൾ ഒഴിവാക്കിയാകും പാര്‍ട്ടി റാലികൾ സംഘടിപ്പിക്കുക.
പ്രചാരണ ജാഥകള്‍ മറ്റ് ഘടകകക്ഷി നേതാക്കളാകും നയിക്കുക. ഏപ്രിൽ 25 മുതൽ മെയ് 20 വരെ ഇത്തരത്തിൽ പ്രചാരണ ജാഥകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റാലികളുടെ സമാപനം മെയ് 20ന് തിരുവനന്തപുരത്ത് നടക്കും.
മുഖ്യമന്ത്രി അടക്കമുള്ള പ്രധാന നേതാക്കൾ എല്ലാം വിവിധ ഇടങ്ങളിലായി പങ്കാളികളാകും. ഇതിന്‍റെ ഒരുക്കങ്ങൾക്കായി ഈ മാസം 10 മുതൽ എൽഡിഎഫ് ജില്ല കമ്മിറ്റികൾ വിളിച്ച് ചേർക്കാനും തീരുമാനമായിട്ടുണ്ട്.
കൃത്യമായ ആസൂത്രണത്തിലൂടെ കഴിഞ്ഞ തവണയുണ്ടായ വമ്പൻ തിരിച്ചടി മറികടക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം സർക്കാരിനെതിരെ ആരോപണങ്ങൾ സജീവമായി ഉന്നയിക്കുന്നതെന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഇത്തരം ആരോപണങ്ങൾക്ക് രാഷ്ട്രീയമായി മറുപടി പറയാനുള്ള തീരുമാനം മുന്നണിയോഗം എടുത്തിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ മദ്യനയം സംബന്ധിച്ച് ഇന്നത്തെ യോഗം ചർച്ച ചെയ്‌തില്ല. മദ്യനയത്തിന്‍റെ കരടിൽ ധാരണയാകാത്തതിനെ തുടർന്നാണ് മുന്നണി യോഗത്തിന്‍റെ പരിഗണനയിൽ വിഷയം എത്താത്തത്.