തിരുവനന്തപുരം: കോർപറേഷനിൽ ലോക്ക്‌ഡൗണ്‍ ഒരാഴ്‌ചകൂടി തുടരുമെങ്കിലും ഇളവുകൾ ഏർപ്പെടുത്തി സർക്കാരിന്‍റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നഗരസഭ പരിധിയിലെ പാൽ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെയും തുറന്ന് പ്രവർത്തിക്കാം. ഇതിനിടയിലുള്ള സമയങ്ങളില്‍ സ്‌റ്റോക്ക് സ്വീകരിക്കാൻ മാത്രം കടകൾ തുറക്കാം. മെഡിക്കൽ സ്‌റ്റോറുകളും തുറക്കും. സാധനങ്ങളുടെ ഡോർ ഡെലിവറി അനുവദിക്കില്ല. അതേസമയം മരുന്ന്, ജനകീയ ഹോട്ടലിലെ ഭക്ഷണം എന്നിവ ഡോർ ഡെലിവറി നടത്താം.
കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോ ടാക്‌സി എന്നിവയ്ക്ക് സർവീസ് നടത്താം. രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ യാത്രാ നിരോധനം ഉണ്ടാകും. ബാങ്കുകൾക്ക് അമ്പത് ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശ സ്വയംഭരണം, നോർക്ക എന്നി വകുപ്പുകൾ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കും. മറ്റ് വകുപ്പുകളിൽ അത്യാവശ്യ ജോലികൾക്കായി 30 ജീവനക്കാരെ വച്ച് പ്രവർത്തിക്കാനും അനുമതി ഉണ്ട്. സർക്കാർ പ്രസുകളും പ്രവർത്തിക്കും.