തിരുവനന്തപുരം: കേരള തദ്ദേശ സ്വയംഭരണ പൊതുസര്‍വിസ് ബില്‍ നിയമസഭ പാസാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനാണ് പുതിയ നിയമ നിര്‍മാണം. ഇതിനായി വകുപ്പിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനങ്ങളെ ഏകീകരിച്ച് ഒറ്റ സര്‍വിസായി മാറ്റി.
നിലവില്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ തല പിന്തുണയ്‌ക്കും ഏകോപനത്തിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് തിരിഞ്ഞ് സമീപിക്കേണ്ട സ്ഥിതിക്കാണ് ഇതിലൂടെ മാറ്റം വരിക. ഗ്രാമപഞ്ചായത്തുകള്‍ പഞ്ചായത്ത് വകുപ്പ് എന്ന നിലയിലും, ബ്ലോക്ക് പഞ്ചായത്തുകള്‍ ഗ്രാമവികസന വകുപ്പ് എന്ന നിലയിലും നഗരസഭകള്‍ നഗരകാര്യ വകുപ്പ് എന്ന നിലയിലുമാണ് നിലവില്‍ ബന്ധപ്പെടുന്നത്. എഞ്ചിനീയറിങും ടൗണ്‍ പ്ലാനിങും വേറെ വകുപ്പാണ്.
സര്‍ക്കാര്‍ ലക്ഷ്യം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ സര്‍ക്കാരിനും വ്യത്യസ്‌ത വകുപ്പുകളിലൂടെ നടപടി സ്വീകരിക്കേണ്ടി വരുന്നു. ഒരേ പ്രദേശത്ത് യോജിച്ച നിലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആ നിലയ്‌ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ നിലവില്‍ പ്രയാസങ്ങളുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ള ജോയിന്‍റ് കമ്മിറ്റികള്‍ ഇതേ കാരണം കൊണ്ട് സജീവമല്ല. ഇവയെല്ലാം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവിലുള്ള അഞ്ച് വകുപ്പുകളിലെ ജീവനക്കാരുടെ സര്‍വിസ് നിലനില്‍ക്കുന്നത് വ്യത്യസ്‌തങ്ങളായ സര്‍വിസ് ചട്ടങ്ങളിലൂടെയാണ്.