തിരുവനന്തപുരം: നഗരസഭയിലെ കടകംപള്ളി വാർഡിൽ തീപാറുന്ന പോരാട്ടം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സ്വന്തം വാർഡായ ഇവിടെ ശക്തമായ ത്രികോണ മത്സരമാണ്. മുൻപ് ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും പിന്നീട് തിരുവനന്തപുരം നഗരസഭയോട് ചേർത്തപ്പോഴും ഇടതുമുന്നണിക്കൊപ്പം നിന്ന ചരിത്രമാണ് കടകംപള്ളിക്ക്. രണ്ടു തവണ വാർഡിനെ പ്രതിനിധീകരിച്ച പി.കെ ഗോപാകുമാറിനെ തന്നെയാണ് ഇടതു മുന്നണി കളത്തിലിറക്കിയിരിക്കുന്നത്.
കടകംപള്ളി വാർഡിൽ തീപാറുന്ന പോരാട്ടം
മുൻപ് ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും പിന്നീട് തിരുവനന്തപുരം നഗരസഭയോട് ചേർത്തപ്പോഴും ഇടതുമുന്നണിക്കൊപ്പം നിന്ന ചരിത്രമാണ് കടകംപള്ളിക്ക്
പഴയ കടകംപള്ളി ഗ്രാമപഞ്ചായത്ത് നഗരസഭയോട് ചേർത്ത ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും വിജയം ഗോപകുമാറിനായിരുന്നു. കഴിഞ്ഞ തവണ വനിത വാർഡായപ്പോഴും ഇടതുമുന്നണി വിജയം ആവർത്തിച്ചു. ഉറച്ച കോട്ടയായ ഇവിടെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് ഇടതു മുന്നണി സ്ഥാനാർഥി പി.കെ ഗോപകുമാർ. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയ യു.ഡി.എഫ് നഗരസഭയിലെ യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവായിരുന്ന ഡി. അനിൽ കുമാറിനെയാണ് പോരാട്ടത്തിന് ഇറക്കിയിരിക്കുന്നത്.
അയൽ വാർഡായ പേട്ടയിൽ കൗൺസിലറായിരുന്ന അനിൽ കുമാർ കടകംപള്ളിയിൽ തനിക്കുള്ള സ്വാധീനം വോട്ടാകുമെന്ന പ്രതീക്ഷയിലാണ്. വാർഡിലെ വികസന മുരടിപ്പ് ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പോരാട്ടം.ശക്തമായ മത്സരം കാഴ്ചവെച്ച് രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. വെറും 453 വോട്ടുകൾക്കായിരുന്നു ബി.ജെ.പിയുടെ ജയ രാജിന്‍റെ തോൽവി. ജയയെ തന്നെ ഇറക്കി കഴിഞ്ഞ തവണ കൈവിട്ട വിജയം കൈപ്പിടിയിൽ ഒതുക്കാനാണ് അവരുടെ ശ്രമം. വികസനം തന്നെയാണ് മൂന്ന് മുന്നണികളുടെയും പ്രധാന പ്രചാരണ ആയുധം.