കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ - local body

കൊവിഡ് പ്രോട്ടോക്കോളിന്‍റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

local body election  തിരുവനന്തപുരം  കൊവിഡ്  തെരഞ്ഞെടുപ്പ്  local body  kerala
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍

By

Published : Jul 31, 2020, 7:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍. കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോളിന്‍റെ അടിസ്ഥാനത്തിലായിരിക്കും. പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നതും അതിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടത്തുക. വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാകും വോട്ടെടുപ്പ് സമയം. പ്രചാരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. പൊതു സമ്മേളനങ്ങള്‍ക്ക് പകരം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം നല്‍കുക. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്ക് മാസ്‌ക്കും കൈയുറകളും നല്‍കും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇത്തരത്തിലായിരിക്കും ക്രമീകരിക്കുക. എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സാനിറ്റൈസറുണ്ടാകും. വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും. 75 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ടോ വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ടിടാവുന്ന പ്രോക്സി വോട്ടുകളും പരിഗണിക്കുന്നുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്സി വോട്ട് ചെയ്യാന്‍ അനുമതി നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് - മുനിസിപ്പാലിറ്റി ആക്‌ട് ഭേദഗതി ചെയ്യും. താത്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാം വാരം പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കാത്തതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ നീക്കുന്ന നടപടികള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടത്തി വരികയാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details