തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ മദ്യം വീട്ടിലെത്തിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. പാസുമായി എത്തുന്നവര്‍ക്ക് വെയര്‍ ഹൗസ് മാനേജര്‍മാര്‍ വാഹനം ലഭ്യമാക്കി മദ്യം വീട്ടിലെത്തിക്കണം. വെയര്‍ ഹൗസ് മാനേജര്‍മാര്‍ ഓരോ വാഹനത്തിലും രണ്ട് ജീവനക്കാരെ ഏര്‍പ്പെടുത്തണം. കുറഞ്ഞ വിലയുള്ള റമ്മോ ബ്രാന്‍ഡിയോ ആണ് നല്‍കേണ്ടത്. ഇതിനുള്ള പാസ് നല്‍കേണ്ടത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പാണ്.
മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ - ആല്‍ക്കഹോൾ വിഡ്രോവല്‍
മദ്യത്തിന്‍റെ വിലക്കൊപ്പം 100 രൂപ സര്‍വീസ് ചാര്‍ജും പാസുള്ളവര്‍ നല്‍കണം
ആല്‍ക്കഹോൾ വിഡ്രോവല്‍ ലക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ എത്ര അളവ് മദ്യം നല്‍കണമെന്ന് തീരുമാനിച്ച ശേഷം ഇക്കാര്യം ബിവറേജസ് കോര്‍പ്പറേഷനെയും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെയും അറിയിക്കണം. മദ്യത്തിന്‍റെ വിലക്കൊപ്പം 100 രൂപ സര്‍വീസ് ചാര്‍ജും പാസുള്ളവര്‍ നല്‍കണം. മദ്യപാസുള്ള ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യം മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും ഇക്കാര്യം ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. പാസില്‍ നിര്‍ദേശിച്ചിട്ടുള്ള അളവില്‍ മദ്യം എത്തിക്കുമെങ്കിലും ബീയര്‍, വൈന്‍ എന്നിവ വീടുകളിലെത്തിക്കില്ലെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി ജി.സ്‌പര്‍ജന്‍കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.