തിരുവന്തപുരം: ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം മദ്യ വിൽപന ആരംഭിച്ച മെയ് 24 മുതൽ ജൂൺ 24 വരെ സംസ്ഥാനത്ത് നടന്നത് 43 കോടി രൂപയുടെ മദ്യ വിൽപന. ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പുളള മാസത്തെക്കാൾ രണ്ട് കോടി രൂപയുടെ അധിക കച്ചവടമാണ് സംസ്ഥാനത്ത് നടന്നത്. ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പ് 41 കോടി രൂപയുടെ വിൽപന നടന്നു.ഇതിൽ ഭൂരിഭാഗം ഗുണവും ബിവറേജസ് കോർപറേഷനാണ് ലഭിച്ചത്. എന്നാൽ ഇളവുകൾക്ക് ശേഷമുളള മദ്യ വിൽപന കൂടുതൽ നടന്നിരിക്കുന്നത് ബാറുകളിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബെവ് ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ ടോക്കണുകൾ ലഭിക്കുന്നത് ബാറുകളിലാണെന്ന് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് കണക്കുകൾ. 43 കോടിയിൽ 33 കോടിയുടെ കച്ചവടം നടന്നത് ബാറുകളിലാണ്. ബിവറേജസ് കോർപറേഷന്‍റെയും കൺസ്യൂമർഫെഡ് ഔട്ട്ലെറ്റ് വഴിയും നടന്നത് 10 കോടിയുടെ കച്ചവടം മാത്രമാണ്.