തിരുവനന്തപുരം :ഖത്തര്‍ മൈതാനങ്ങളില്‍ കാല്‍പന്തുകളിയുടെ പെരുക്കമാണ്. ആവേശത്തിമിർപ്പിൽ ആരാധകരും. ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളൊരുക്കി വിജയ പ്രതീക്ഷയുമായി ആരാധകര്‍ തുള്ളിച്ചാടുമ്പോൾ 41 വർഷം മുൻപുള്ള വനിത ലോകകപ്പ് ഓർമയിൽ തളം കെട്ടിനിൽക്കുന്ന പഴയ ഒരു ഫുട്ബോൾ ഇതിഹാസമുണ്ട്. തിരുവനന്തപുരം കൊഞ്ചിറവിളയിൽ. ഒരു കാലത്ത് ഇന്ത്യൻ വനിത ഫുട്ബോളിന്‍റെ മുന്നേറ്റ താരമായിരുന്ന എസ് ലളിത.
'ആ ആരവം ഇപ്പോഴുമുണ്ട് ചെവിക്കുള്ളില്‍' :1981ൽ തായ്‌വാനിലെ വനിത ഫുട്ബോൾ ലോകകപ്പ് വേദിയിൽ ഇന്ത്യ - ജർമനി പോരാട്ടം ശക്തമായി തുടരുന്നു. വലത് വിങ്ങിൽ നിന്നും കിട്ടിയ കൃത്യമായ ക്രോസിലൂടെ ശാന്തി മാലിക് ഹെഡ് ചെയ്‌ത് ജർമനിയുടെ വല കുലുക്കി. കമന്‍ററിയിൽ ശാന്തി മാലിക്കിന്‍റെ പേരിനൊപ്പം ആദ്യമായി ഒരു മലയാളി പേരും ഉറക്കെ വിളിച്ചുപറഞ്ഞു. അതിന്‍റെ ആരവം ഇന്നും മുഴച്ചുനിൽക്കുന്നുണ്ട് ലളിതയുടെ ചെവിയിൽ. 1979ൽ തിരുവനന്തപുരം ജില്ല ഫുട്ബോൾ ടീമിൽ തുടങ്ങിയ യാത്ര നാഷണലും സോണും പിന്നിട്ട് ലോകകപ്പിലും എത്തിയത് ചരിത്രം. മൈതാനത്ത് വിസിൽ മുഴങ്ങുമ്പോൾ ഇന്നും അതിന്‍റെ ഓർമകളാണ് മനസുനിറയെ.
ലോകകപ്പ് മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ ആവേശവും അനുഭവവും പങ്കുവച്ച് ഇന്ത്യൻ വനിത ഫുട്ബോള്‍ മുന്‍ താരം എസ് ലളിത കൈവരിച്ച നേട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്നും അത്ഭുതമാണ് ലളിതയ്ക്ക്. ആദ്യമായി വിമാനത്തിൽ കയറിയപ്പോൾ വരെ സന്തോഷം കൊണ്ട് കരഞ്ഞിട്ടുണ്ട്. ഇന്ത്യ - ജർമനി മത്സരമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. കളിക്കളത്തിൽ റൈറ്റ് വിങ്ങായിരുന്നു ലളിത. മത്സരത്തിൽ തോൽവി ഉണ്ടായെങ്കിലും അന്നുണ്ടായ കൂട്ടായ്‌മയുടെ ഓർമകളെ പറ്റിയും ഒരുപാട് പറയാനുണ്ട്. തന്‍റെ ടീമിനെക്കുറിച്ച് വന്ന ഒരുപാട് വാർത്താക്കുറിപ്പുകളുടെ ശേഖരങ്ങൾ ഇന്നും തന്‍റെ ജീവനോളം സൂക്ഷിച്ചുവയ്‌ക്കുന്നുണ്ട് ഈ കാൽപന്തുകാരി. തന്‍റെ ഓർമകൾക്കുള്ള തെളിവുകൾ കൂടിയാണ് ഈ ശേഖരങ്ങൾ.
മുന്നേറണം വനിത ഫുട്‌ബോള്‍ :ഫുട്ബോൾ ലോകകപ്പിന്‍റെ ഓർമയിൽ നിൽക്കുമ്പോഴും പുതിയ കാലത്തോട് ലളിതയ്ക്ക് പറയാനുള്ളത് ഇന്നും അരികുവത്കരിക്കപ്പെടുന്ന വനിത ഫുട്ബോളിനെ കുറിച്ചാണ്. അർജന്‍റീനയാണ് ലളിതയുടെ ഇഷ്‌ട ടീം. ഇഷ്‌ടപ്പെട്ട താരം പോർച്ചുഗലിന്‍റെ റോണാൾഡോയും. ഫുട്ബോൾ ജീവിതത്തിന് ശേഷം കെഎസ്ആർടിസി വകുപ്പിൽ എൽഡി ക്ലാർക്ക് ആയി ജോലി ചെയ്‌ത ലളിത ഇപ്പോൾ മണക്കാട് കാർത്തിക തിരുന്നാൾ ഗേൾസ് സ്‌കൂളിൽ സൗജന്യമായി ഫുട്ബോൾ കോച്ചിങ് നല്‍കിവരികയാണ്, തന്‍റെ പിന്മുറക്കാരെ കണ്ടെത്താൻ.