തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതി നടപ്പാക്കാൻ യുഎഇ റെഡ് ക്രസന്‍റുമായി കരാർ ഉണ്ടാക്കിയതിൽ പങ്കില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ധാരണാപത്രം ഒപ്പിട്ടത് സർക്കാർ നേരിട്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തു വരുന്നത്. സംസ്ഥാനത്തെ ഭവന രഹിതർക്കായി റെഡ് ക്രസന്‍റുമായി ഉണ്ടാക്കിയ കരാറിലെ രണ്ടാം കക്ഷി, സർക്കാരാണെന്ന് ധാരണാപത്രം വ്യക്തമാക്കുന്നു. റെഡ് ക്രസന്‍റാണ് ഒന്നാം കക്ഷി. സർക്കാരിനു വേണ്ടി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് ധാരണാപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. ധാരണാപത്രത്തിന്‍റെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.
ലൈഫ് മിഷൻ പദ്ധതി - റെഡ് ക്രസന്‍റ് കരാർ; സർക്കാർ വാദം പൊളിയുന്നു - റെഡ് ക്രസന്‍റു
ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നപ്പോൾ സർക്കാരിന് ഇതിൽ നേരിട്ടു പങ്കില്ലെന്നും ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നപ്പോൾ സർക്കാരിന് ഇതിൽ നേരിട്ടു പങ്കില്ലെന്നും ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ 2019 ജൂലൈ 11 ലെ ധാരാണാപത്രത്തിൽ റെഡ് ക്രസന്‍റ് ജനറൽ സെക്രട്ടറി മുഹമ്മദ് അതീഖ് അൽ ഫലാഹി, ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. 20 കോടി രൂപയുടെ ധനസഹായത്തിൽ 14.5 കോടി രൂപ ഭവന നിർമാണത്തിനും 5.5 കോടി ആശുപത്രി നിർമാണത്തിനുമെന്നാണ് ധാരണ.
ഫ്ലാറ്റ് സമുച്ചയമാണ് നിർമിക്കുന്നതെന്നോ, വടക്കാഞ്ചേരിയിലാണ് നിർമിക്കുന്നതെന്നോ ധാരണാപത്രത്തിൽ വ്യക്തമാക്കുന്നില്ല. ഈ പദ്ധതിയിൽ ഇടനിലക്കാരിയായി സ്വപ്ന കമ്മീഷൻ കൈപറ്റിയെന്ന് എൻഫോഴ്സ്‌മെന്‍റ് കണ്ടെത്തിയിട്ടുണ്ട്. ധാരണപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്ന് രേഖയിൽ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് കരാറുകൾ ഒപ്പിട്ടിട്ടില്ലെന്നാണ് സൂചന. കരാറിന്‍റെ കോപ്പി എൻഫോഴ്സ്‌മെന്‍റും പരിശോധിക്കും. ഭവനരഹിതർക്ക് വീടു വച്ചു നൽകാൻ റെഡ്ക്രസന്‍റുമായി ഒപ്പിട്ട കരാർ സർക്കാർ പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യമുന്നയിച്ചിരുന്നു.