തിരുവനന്തപുരം: ലൈഫ് മിഷൻ വഴി നിർമിച്ച രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടക്കുമ്പോൾ തിരുവനന്തപുരം ഏണിക്കര കാവുവിളയിൽ ഓമനയ്ക്കും ചന്ദ്രനും ഇത് സ്വപ്ന സാക്ഷത്ക്കാരത്തിന്‍റെ ദിനമാണ്. സ്വന്തമായി തല ചായ്ക്കാൻ ഒരു വീടെന്ന സ്വപ്നം 20 വർഷത്തിന് ശേഷം യാഥാർഥ്യമായ ദിവസമാണ് അവർക്ക് ഇന്ന്. ഗൃഹപ്രവേശന ചടങ്ങിന് മുഖ്യമന്ത്രി കൂടി നേരിട്ടെത്തിയതോടെ അതിന് ഇരട്ടി മധുരവുമായി.
ഓമനയ്ക്കും ചന്ദ്രനും തലചായ്ക്കാൻ വീടൊരുങ്ങി; അതിഥിയായി മുഖ്യമന്ത്രിയും - ഓമനയും ചന്ദ്രനും
ലൈഫ് മിഷൻ പദ്ധതി വഴിയാണ് ഓമനയ്ക്കും ചന്ദ്രനും 20 വർഷത്തിന് ശേഷം വീടെന്ന സ്വപ്നം യാഥാർഥ്യമായത്

മകൾ രോഹിണിക്കൊപ്പം കഴിയാൻ അടച്ചുറപ്പുള്ള ഒരു വീട് ഓമനയുടെയും ചന്ദ്രന്‍റെയും വലിയ സ്വപ്നമായിരുന്നു. ആകെ ഉണ്ടായിരുന്ന കൂര വർഷങ്ങൾക്ക് മുൻപ് തകർന്നു. പിന്നെ മൂവരും മൂന്ന് ബന്ധു വീടുകളിലായിരുന്നു താമസം. ഇതിനിടയിലാണ് ലൈഫ് പദ്ധതിയെക്കുറിച്ച് കേൾക്കുന്നതും അപേക്ഷിക്കുന്നതും. ഒന്നര വർഷം കൊണ്ടാണ് വീട് പൂർത്തിയാക്കിയത്. വീടിന്‍റെ താക്കോൽ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ഇരുവർക്കും കൈമാറി. രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങുകൾ നടന്നത്.
എല്ലാവർക്കും ഇത് സന്തോഷത്തിന്‍റെ ദിനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതി വഴി നിർമിച്ച രണ്ടു ലക്ഷം വീടുകളുടെ പൂർത്തികരണ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തത്.