കേരളം

kerala

ലൈഫ് മിഷന്‍ ക്രമക്കേട്; യുണിട്ടാക്കിന്‍റെ ഐ ഫോണുകളിൽ ഒന്ന് പിടിച്ചെടുത്തു

By

Published : Nov 2, 2020, 2:44 PM IST

കാട്ടാക്കട സ്വദേശിയായ പ്രവീണ്‍ രാജ് എന്നയാളില്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി

unitac i phone  life mission contract  യുണിട്ടാക്കിന്‍റെ ഐ ഫോൺ  തിരുവനന്തപുരം  വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്  unitac  വിജിലന്‍സ് കോടതി
യുണിട്ടാക്കിന്‍റെ ഐ ഫോണുകളിൽ ഒന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം:വടക്കാഞ്ചേരി ലൈഫ് ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒരെണ്ണം പിടിച്ചെടുത്തു. കാട്ടാക്കട സ്വദേശിയായ പ്രവീണ്‍ രാജ് എന്നയാളില്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കി. പ്രത്യേകം സീല്‍ ചെയ്ത കവറിലാണ് വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് കൈമാറിയത്. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ചടങ്ങില്‍ നടന്ന നറുക്കെടുപ്പിലാണ് തനിക്ക് ഐ ഫോണ്‍ ലഭിച്ചതെന്നാണ് പ്രവീണ്‍ രാജ് വിജിലന്‍സിന് നല്‍കിയ മൊഴി.

സംഭവത്തെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം തുടരുന്നതിനിടെയാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് വാങ്ങി നല്‍കിയ ഏഴ് ഐ ഫോണുകളിലൊന്ന് വിജിലന്‍സ് കണ്ടെത്തിയത്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് മൊബൈല്‍ ഫോണുകളില്‍ നാല് എണ്ണം യു.എ.ഇ ദിനാഘോഷ ചടങ്ങില്‍ നടത്തിയ നറുക്കെടുപ്പിൽ സമ്മാനമായി നല്‍കി. ഇതില്‍ ഒരെണ്ണമാണ് പരസ്യകമ്പനി ഉടമയായ പ്രവീണ്‍ രാജിന് ലഭിച്ചത്. പരസ്യകമ്പനി ഉടമ എന്ന നിലയിലാണ് പ്രവീണ്‍ രാജന് യു.എ.ഇ കോണ്‍സുലേറ്റിന്‍റെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്.

വിലകൂടിയ രണ്ട് ഫോണുകളില്‍ ഒരെണ്ണം എം ശിവശങ്കറിനും ഒരെണ്ണം യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനും നല്‍കി. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന് നല്‍കിയ ഫോണിന് 1.13 ലക്ഷം രൂപയായിരുന്നു വില. എന്നാല്‍ ഇതിലും വിലകൂടിയ ഫോണ്‍ വേണമെന്ന കോണ്‍സുലേറ്റ് ജനറലിന്‍റെ ആവശ്യത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറലിന് പുതിയ വിലകൂടിയ ഒരു ഐ ഫോണ്‍ വാങ്ങി നല്‍കി. 1.13 ലക്ഷം രൂപ വിലയുള്ള ഫോണ്‍ സന്തോഷ് ഈപ്പന്‍ സ്വന്തമാക്കിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം കേസന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെ ഫോണ്‍ ഉപയോഗിക്കുന്ന ആറുപേരെയും കണ്ടെത്താന്‍ കഴിഞ്ഞു. ഏഴാമത്തെ ഫോണില്‍ ബി.എസ്.എന്‍.എല്‍ സിം ആണ് ഉപയോഗിക്കുന്നതെന്നും ജിത്തു എന്ന ആളിന്‍റെ കൈവശമാണ് ഫോണെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍, ഒരു വിമാനക്കമ്പനി മാനേജര്‍, പരസ്യകമ്പനി ഉടമ പ്രവീണ്‍ എന്നിവരാണ് ഫോണ്‍ ലഭിച്ച മറ്റുള്ളവരെന്നാണ് ഇ.ഡി കണ്ടെത്തിയത്.

ABOUT THE AUTHOR

...view details