തിരുവനന്തപുരം:ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ കുറ്റവാളിയാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിനുള്ള തിരിച്ചടിയാണ് സിബിഐ അന്വേഷണം സ്റ്റേ ചെയ്തുള്ള ഹൈക്കോടതി വിധിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സിബിഐയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ നിലപാടിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് വിജയ രാഘവൻ പറഞ്ഞു.
അന്വേഷണത്തിന് സ്റ്റേ; സിബിഐയെ രാഷ്ട്രീയമായി ഉപയോഗിച്ചവർക്കുള്ള തിരിച്ചടിയെന്ന് എൽഡിഎഫ് കൺവീനർ - സിബിഐ
പ്രതിപക്ഷം പൊതുജനമധ്യത്തിൽ അടക്കം ഉന്നയിച്ച കാര്യങ്ങൾ എല്ലാം തെറ്റാണെന്ന് തെളിഞ്ഞെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു
പദ്ധതിയിൽ യാതൊരു ക്രമക്കേടുകളും നിയമവിരുദ്ധമായ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞ കാര്യങ്ങളെല്ലാം ഹൈക്കോടതി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ ഏത് അന്വേഷണവും നടത്താമെന്ന നിലപാടിനെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇതിന്‍റെ ഉയർന്ന രൂപമാണ് ഒരു കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ സിബിഐ അതിവിചിത്രമായ നിലപാടെടുത്തതെന്നും സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകിയ ഹൈക്കോടതി വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പ്രതിപക്ഷം പൊതുജനമധ്യത്തിൽ അടക്കം ഉന്നയിച്ച കാര്യങ്ങൾ എല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഇത് മറച്ചുവയ്ക്കാനാണ് ഇപ്പോൾ വിചിത്രമായ വാദങ്ങൾ നിരത്തുന്നത് എന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.