കേരളം

kerala

ETV Bharat / state

ലൈഫ് മിഷൻ കോഴയിൽ ഇളകി മറിഞ്ഞ് സഭ, നേരിട്ട് ഏറ്റുമുട്ടി മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, ശിവശങ്കര്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ക്ലിഫ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നില്ലെന്നായിരുന്നു ആരോപണത്തില്‍ പ്രകോപിതനായ മുഖ്യമന്ത്രിയുടെ മറുപടി.

life mission  life mission bribery case  kerala assembly life mission bribery  Pinarayi Vijayan Mathew Kuzhalnadan  ലൈഫ് മിഷൻ കോഴ  കേരള നിയമ സഭ  ലൈഫ് മിഷന്‍ കോഴക്കേസ് നിയമസഭയില്‍  വടക്കാഞ്ചേരി ലൈഫ് പദ്ധതി  ലൈഫ് മിഷൻ കോഴക്കേസ്  മാത്യു കുഴല്‍നാടന്‍ എംല്‍എ  മുഖ്യമന്ത്രി
assembly

By

Published : Feb 28, 2023, 12:30 PM IST

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ് അടിയന്തര പ്രമേയം ആയുധമാക്കി സർക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ ആക്രമണത്തിൽ പ്രക്ഷുബ്‌ധമായി നിയമസഭ. ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും ഇരിപ്പിടങ്ങളിൽ നിന്ന് എണീറ്റതോടെ ബഹളം നിയന്ത്രിക്കാനാകാതെ സ്‌പീക്കർ എ.എൻ ഷംസീർ അല്‍പനേരത്തേക്ക് സഭ നിർത്തിവച്ചു. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൈക്കൂലിക്കേസിൽ ജയിലിലായ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യം മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ഉന്നയിച്ചത്.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കത്ത് അയക്കാൻ യുഎഇ കോൺസുലേറ്റിന് നിർദേശം നൽകാൻ ശിവശങ്കർ സ്വപ്‌നയോട് ആവശ്യപ്പെട്ടതെന്ന് മാത്യു ആരോപിച്ചതോടെയാണ് സഭയില്‍ ബഹളത്തിന് തുടക്കമായത്. ഇ.ഡി കോടതിയിൽ നൽകിയ ശിവശങ്കറിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ വാട്‌സ്ആപ്പ് ചാറ്റുകളിൽ ഈ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്‌നയും തമ്മിൽ ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്നും മാത്യു പറഞ്ഞു. ഇതോടെ ഭരണപക്ഷം ഇളകി.

പ്രകോപിതനായ മുഖ്യമന്ത്രി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. മാത്യു എന്തും വിളിച്ചു പറയുകയാണെന്നും, അത്തരത്തിൽ ഒരു ചർച്ച നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാത്തതെന്നായി മാത്യുവിന്‍റെ ചോദ്യം.

എന്തു ചെയ്യണമെന്ന് തനിക്കറിയാമെന്നും ആരുടെയും ഉപദേശം വേണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതോടെ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, കെ.എൻ. ബാലഗോപാൽ എന്നിവർ എണീറ്റു. വാട്‌സ്‌ആപ്പ് ചാറ്റ് മേശപ്പുറത്ത് വയ്ക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു.

വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും വാട്‌സ്ആപ്പ് ചാറ്റ് അടങ്ങിയ റിമാൻഡ് റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കാമെന്നും അങ്ങനെ ഇത് സഭ രേഖകളുടെ ഭാഗമാക്കട്ടെയെന്നും മാത്യു വ്യക്തമാക്കി. ഇതോടെ കോടതികളുടെ റിമാൻഡ് റിപ്പോർട്ട് സഭയിൽ ചർച്ച ചെയ്യാനാകില്ലെന്ന വാദവുമായി മന്ത്രി പി.രാജീവും ഭരണപക്ഷവും രംഗത്തെത്തി. പ്രതിപക്ഷ നിരയും പ്രതിഷേധിച്ചതോടെ ബഹളത്തിൽ മുങ്ങിയ സഭ നിയന്ത്രിക്കാനാകാതെ സ്‌പീക്കർ അൽപ നേരത്തേക്ക് സഭ നിർത്തിവച്ചു.

പിന്നാലെ സഭ ചേർന്നപ്പോൾ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ഉന്നയിക്കാനാകില്ലെന്ന് സ്‌പീക്കർ റൂളിങ് നൽകി. വീണ്ടും മുഖ്യമന്ത്രിയും കുഴൽനാടനും പരസ്‌പരം വാദപ്രതിവാദം തുടരുന്നതിനിടെ സമയം അവസാനിച്ചെന്ന് പറഞ്ഞ് സ്‌പീക്കർ മാത്യുവിൻ്റെ മൈക്ക് ഓഫ് ചെയ്‌തു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

ABOUT THE AUTHOR

...view details