തിരുവനന്തപുരം :ഉംബർട്ടോ എക്കോ (Umberto Eco), ലോകത്തെ ഏറ്റവും വലിയ സ്വകാര്യ വായനശാലയുടെ ഉടമയായ വിഖ്യാത ഇറ്റാലിയൻ എഴുത്തുകാരൻ. അദ്ദേഹത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ട് സഞ്ചരിക്കുകയായിരുന്നു തൈക്കാട് ജനമൈത്രി ഡയറക്‌ടറേറ്റിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി രതീഷ് ഇളമാട് (Ratheesh Elamadu). തിരുവനന്തപുരം കല്ലയത്തെ 'വചസ്സ്' എന്ന വീട്ടില്‍ ഇന്ന് അക്ഷര ശോഭ പകരുകയാണ് അയ്യായിരത്തിലേറെ പുസ്‌തകങ്ങളുള്ള ലൈബ്രറി (Library Of Writer Ratheesh Elamadu).
മാധവിക്കുട്ടി, കുമാരനാശാൻ, കെ പി അപ്പൻ, ഒ വി വിജയൻ മുതൽ പുതുതലമുറയിലെ എഴുത്തുകാരുടെ ഉൾപ്പടെ പുസ്‌തകങ്ങളുടെ വിപുലമായ ശേഖരമുണ്ട് രതീഷിൻ്റെ വായനശാലയിൽ. പതിനേഴ് വർഷങ്ങൾക്ക് മുൻപ് 2006ൽ കൊല്ലം ലൈബ്രറി കൗൺസിലിൻ്റെ പുസ്‌തകമേള നടക്കുമ്പോൾ 'ആശാൻ സമ്പൂർണ കൃതികൾ' വാങ്ങിക്കൊണ്ടാണ് രതീഷ് പുസ്‌തക ശേഖരണം ആരംഭിക്കുന്നത്. 'വചസ്സി'ല്‍ പുസ്‌തകങ്ങൾ സൂക്ഷിക്കാൻ വിശാലമായ ഒരു മുറി തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
പഠനകാലം മുതൽക്കേ ആരംഭിച്ചതാണ് രതീഷിന് എഴുത്തിനോടും പുസ്‌തകങ്ങളോടുമുള്ള അടുപ്പം. ഒരു പുസ്‌തകം വാങ്ങിച്ചാൽ ആദ്യ പേജിൽ പേരെഴുതും. വായന പൂർണമായാൽ മാത്രം അവസാന പേജിൽ രതീഷിൻ്റെ കയ്യൊപ്പ് പതിയും. എന്നാൽ മാത്രമേ ആ പുസ്‌തകത്തിന് വീടിനുളളിലെ വായനശാലയിലെ ഷെൽഫിലേക്ക് പ്രവേശനമുള്ളൂ.
2010ൽ പൊലീസ് സേനയുടെ ഭാഗമായെങ്കിലും വായനയും എഴുത്തും രതീഷ് ഒപ്പം കൂട്ടിയിരുന്നു. രാത്രി കാലങ്ങളിൽ വായനയ്ക്ക് സമയം കണ്ടെത്തി. തൻ്റെ വീട്ടിലെ വായനശാല ഗവേഷണ താത്പര്യമുള്ളവരും വിദ്യാർഥികളും റഫറൻസിനായി ഉപയോഗിച്ചാൽ രതീഷിന് ഇരട്ടി സന്തോഷം. രതീഷിന്‍റെ പുസ്‌തക പ്രിയം മുൻ ഡിജിപി ഋഷിരാജ് സിങ്ങിന്‍റെ ചെവിയിലുമെത്തി. നൂറോളം പുസ്‌തകങ്ങൾ അദ്ദേഹം രതീഷിന് സമ്മാനിച്ചു.