തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ വിജിലൻസും ക്രൈംബ്രാഞ്ചും ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കും. ഹൈക്കോടതിയിലാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.
കത്ത് വിവാദം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും - മേയർ ആര്യ രാജേന്ദ്രൻ
ക്രൈംബ്രാഞ്ച് എഡിജിപിക്കും വിജിലൻസ് ഹൈക്കോടതിയിലുമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.
നഗരസഭയിൽ ആരോഗ്യവിഭാഗത്തിലെ കരാർ നിയമനത്തിന് മുൻഗണന പട്ടിക തേടി മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്തിന്‍റെ യഥാർഥ പകർപ്പ് ഇതുവരെ ഇരു അന്വേഷണസംഘങ്ങൾക്കും കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറുന്നത്. സംഭവത്തിൽ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാറിന്‍റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
കേസിന്‍റെ പുരോഗതിയും മൊഴിയുടെ വിശദാംശങ്ങളും വിജിലൻസ് ഹൈക്കോടതിയെ അറിയിക്കും. നഗരസഭയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതും കമ്പ്യൂട്ടര്‍ പരിശോധിക്കുന്നതും വിജിലന്‍സ് വരും ദിവസങ്ങളില്‍ നടത്തും.