തിരുവനന്തപുരം : മഴയെത്തുന്നതോടെ അസുഖങ്ങളും പടികടന്ന് എത്തുമെന്നാണ് പറയാറുള്ളത്. ജലദോഷം മുതല്‍ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതര രോഗങ്ങള്‍ വരെ കാണപ്പെടുന്ന സമയം കൂടിയാണിത്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ് (Rainy Season Disease alert by Health Ministry).
ഈ മാസം മാത്രം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് 22 പേരും (Leptospirosis deaths Kerala) ഡെങ്കിപ്പനി ബാധിച്ച് 11 പേരുമാണ് മരിച്ചത് (Dengue fever deaths Kerala). അഞ്ഞൂറോളം പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു (Leptospirosis and Dengue fever alert Kerala). കഴിഞ്ഞ ദിവസം മാത്രം 264 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍ (Epidemics in Kerala).
ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴകൂടി എത്തിയതോടെ കരുതിയിരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം (Kerala rainy season diseases). മണ്ണുമായും മലിനജലവുമായും ഇടപഴകുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നും നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാവാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കണ്ണില്‍ ചുവപ്പ്, കാല്‍വെള്ളയില്‍ വേദന എന്നിവ കണ്ടാലും ചികിത്സ തേടണം.
അടുത്തിടെയാണ് സംസ്ഥാനത്ത് ആശങ്കയുണ്ടാക്കി തലശ്ശേരിയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നിന്ന് മുക്തമാകുന്നതിന് മുന്‍പ് തന്നെ ജില്ലയില്‍ മെലിയോഡിസീസി രോഗവും സ്ഥിരീകരിച്ചിരുന്നു. മഴയെത്തുന്നതോടെ മെലിയോഡിസീസ് എന്ന രോഗത്തെയും കരുതിയിരിക്കണം.
പെരിങ്ങോം വയക്കര പഞ്ചായത്ത് പരിധിയില്‍ പനി ബാധിച്ച് ചികിത്സ തേടിയ ആള്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചതോടെയാണ് മെലിയോഡിസീസ് സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍ ഇയാളുടെ മരണകാരണം മെലിയോഡിസീസ് അല്ലെന്നായിരുന്നു ജില്ല മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ വിവരം. ചെളിയിലും മലിന ജലത്തിലും മണ്ണിലും കാണപ്പെടുന്ന ബർഖോൾഡെറിയ (Burkholderia) എന്ന ബാക്‌ടീരിയ ആണ് മെലിയോഡിസീസിന്‍റെ രോഗകാരി.
ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുമ്പോഴും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. വ്യക്തി ശുചിത്വവും പരിസര സുചിത്വവും പാലിക്കേണ്ടത് എല്ലാ കാലത്തും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുമെങ്കിലും മഴയെത്തിയാല്‍ കൂടുതല്‍ പ്രാധാന്യത്തോടെ ശുചിത്വത്തെ സമീപിക്കണം എന്നാണ് ആരോഗ്യ വിദഗ്‌ധര്‍ നല്‍കുന്ന ഉപദേശം. കൊതുക് പരത്തുന്ന രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ളത് ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ്.
വെള്ളം കെട്ടി നില്‍ക്കുകയും അതില്‍ കൊതുക് മുട്ടയിട്ട് പെരുകാന്‍ കാരണമാവുകയും ചെയ്യും. ഇത് വലിയ വിപത്താണ് ക്ഷണിച്ച് വരുത്തുക. അതിനാല്‍ പരിസരങ്ങളില്‍ കൊതുക് മുട്ടയിട്ട് വളരാന്‍ അവസരമുണ്ടാക്കുന്ന വസ്‌തുക്കള്‍ അഥവാ ചിരട്ട, കവര്‍, പാത്രങ്ങള്‍, വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള മരത്തിലെ പോടുകള്‍, കൊക്കോ പോലുള്ള ഫലത്തിന്‍റെ പുറംതോടുകള്‍ തുടങ്ങിയവ നശിപ്പിക്കേണ്ടതുണ്ട്. ഇവയ്‌ക്കൊപ്പം പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. രോഗം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതാണെന്ന് തിരിച്ചറിയുക.