തിരുവനന്തപുരം: നിയമസഭ അംഗങ്ങൾക്ക് മാത്രമല്ല നിയമസഭാ സെക്രട്ടറിയേറ്റിനുള്ളിലുള്ള എല്ലാവർക്കും നിയമ പരിരക്ഷയുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ചട്ടം 165ൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടാണ് പ്രൈവറ്റ് സെക്രട്ടറി എ. അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് കാട്ടി കസ്റ്റംസിന് നിയമസഭ സെക്രട്ടറി കത്ത് നൽകിയത്.
നിയമസഭ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് നിയമപരിരക്ഷയുണ്ടെന്ന് സ്പീക്കർ - Legislative Secretariat have legal protection
ചട്ടം 165ൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ഇക്കാരണത്താലാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് കാട്ടി കസ്റ്റംസിന് നിയമസഭ സെക്രട്ടറി കത്ത് നൽകിയതെന്നും സ്പീക്കർ.
ഡോളർ കടത്ത് കേസ് അടക്കം ഒരു അന്വേഷണവും തടസപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ നടപടിക്രമങ്ങൾ പാലിക്കണമെന്ന് അറിയിച്ചിട്ടേയുള്ളൂ. ആവശ്യം തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തെളിയിക്കണം. 40 വർഷമായി പൊതുരംഗത്തുണ്ട്. ഒരു രൂപയുടെയെങ്കിൽ അഴിമതി ആരോപണമോ അനധികൃത സ്വത്ത് സമ്പാദനമോ തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കും. ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല. അന്വേഷണ ഏജൻസികൾക്ക് എന്ത് വിവരങ്ങൾ വേണമെങ്കിലും തേടാമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
തന്നെ ചോദ്യം ചെയ്യും എന്നത് വെറും വാർത്തകളാണെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎ എം. ഉമർ നൽകിയ നോട്ടീസ് സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കും. ചട്ടങ്ങൾ എല്ലാം പാലിച്ച് നിയമാനുസൃതമായാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതിപക്ഷത്തിന് നോട്ടീസ് നൽകാൻ അവകാശമുണ്ടെന്നും സ്പീക്കർ പറഞ്ഞു.