തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന മുന്‍ എംഎല്‍എ മാരായ ഇ എസ് ബിജിമോളും ഗീത ഗോപിയും മറ്റ് സിപിഐ വനിത നേതാക്കളും നല്‍കിയ ഹര്‍ജി സ്വമേധയാ പിൻവലിച്ചു. കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ നിലനിൽക്കില്ലയെന്ന സുപ്രീം കോടതി ഉത്തരവുകൾ ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഹർജികൾ പിൻവലിക്കുന്നതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസിൻ്റെ വിചാരണ തീയതി ഈ മാസം 19ന് തീരുമാനിക്കുമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു.
ഹര്‍ജികള്‍ കേസ് വൈകിപ്പിക്കാനെന്ന് പ്രോസിക്യൂഷന്‍:തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്ക് നൽകേണ്ട ഡിവിഡികൾ മുഴുവൻ തയ്യാറാണെന്നും ഇത് രേഖമൂലം പ്രതിഭാഗത്തിന് എത്തിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത്തരം ഹർജികളുമായി കോടതിയെ സമീപിക്കുന്നത് കേസ് നടപടികൾ വൈകിപ്പിക്കാൻ വേണ്ടി എന്ന് ഡി ഡി പി കെയുടെ(പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) ബാലചന്ദ്രമേനോന്‍ കോടതിയിൽ വാദിച്ചിരുന്നു.
കോണ്‍ഗ്രസ് അംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ വനിത എംഎല്‍എമാര്‍ നീതിക്കായാണ് കോടതിയെ സമീപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകനായ മുന്‍ ജില്ല ഗവണ്‍മെന്‍റ് പ്ലീഡര്‍ വെമ്പായം എ എ ഹക്കീം ഹർജി സമർപ്പിച്ച സമയം വാദിച്ചിരുന്നത്. 2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴകേസിലെ ഏക പ്രതിയായ മുന്‍ ധനകാര്യമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎല്‍എമാര്‍ നിയമസഭ തല്ലി തകര്‍ത്തത്. 2,20,093 രൂപയുടെ നാശനഷ്‌ടമാണ് ഇടത് എംഎല്‍എമാര്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാക്കിയത്.