തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഒരു ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ ഉപരോധവുമായി ഇടത് മുന്നണി. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തടസപ്പെടുത്തുന്നതായും ഭരഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാതിരിക്കുന്നതും ധനമന്ത്രി കെ എന്‍ ബാലഗോപാലിനോടുള്ള പ്രീതി പിന്‍വലിച്ചതുമാണ് പ്രതിഷേധമെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചത്.
സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുളള ഗവര്‍ണറുടെ ഇടപെടലുകൾ പ്രതിഷേധം കടുപ്പിക്കാൻ കാരണമായി. ഈ മാസം മൂന്ന് മുതല്‍ തന്നെ ഇടതു മുന്നണി ഗവര്‍ണര്‍ക്കെതിരായ പ്രചാരണം തുടങ്ങിയിരുന്നു. ഉന്നത വിദ്യഭ്യാസ സംരക്ഷണ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌തത്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ലഘുലേഖകള്‍ വീടുകളില്‍ എത്തിച്ചും പ്രചരണം നടന്നു. ഇത് കൂടാതെ പ്രാദേശിക തലത്തില്‍ വ്യപകമായി പ്രതിഷേധ കൂട്ടായ്‌മകളും മുന്നണി സംഘടിപ്പിച്ചു. കാമ്പസിലുകളിലും പ്രചാരണം നടന്നു.
ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെയെല്ലാം സമാപനമായാണ് രാജ്ഭവന് മുന്നിലെ ഇന്നത്തെ പ്രതിഷേധം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭം രാജ്യ വ്യാപക ശ്രദ്ധയിലെത്തിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഇടതുപക്ഷവുമായി സഹകരിക്കുന്ന പ്രമുഖ പാര്‍ട്ടി നേതാക്കളെ ഇന്നത്തെ മാര്‍ച്ചില്‍ എത്തിക്കും.