തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് മുന്നണി പ്രവേശനത്തിന് സമ്മതം മൂളി കാനം രാജേന്ദ്രൻ. ചർച്ചകൾ നടത്താൻ ഇടതുമുന്നണി യോഗം വ്യാഴാഴ്ച ചേരും . ഇടതു സഹകരണം എന്ന ജോസ്.കെ.മാണിയുടെ പ്രഖ്യാപനത്തിൽ വിശദമായ ചർച്ച നടത്താനാണ് എൽ.ഡി.എഫ് തീരുമാനം. മുന്നണിയിലെ എല്ലാ കക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് സി.പി.എം നിലപാട്. എന്നാൽ ഇക്കാര്യത്തിൽ ഇടതു മുന്നണിയിലെ കക്ഷികൾക്ക് എതിർപ്പ് ഉണ്ടാകാനുള്ള സാധ്യതയില്ല. കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതു പ്രവേശനം സംബന്ധിച്ച് എതിർപ്പ് ഉന്നയിക്കാൻ സാധ്യതയുള്ള സി.പി.ഐയുമായി ചർച്ചകൾ സി.പി.എം പൂർത്തിയാക്കി.
കേരള കോൺഗ്രസ് എമ്മിന് മുന്നണി പ്രവേശനത്തിന് സമ്മതം മൂളി കാനം രാജേന്ദ്രന്‍ - CPI
ചർച്ചകൾ നടത്താൻ ഇടതുമുന്നണി യോഗം വ്യാഴാഴ്ച
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു. എ.കെ.ജി സെന്‍ററിൽ ശനിയാഴ്ച വൈകിട്ടായിരുന്നു ചർച്ച. ഇക്കാര്യത്തിൽ സി.പി.ഐയുടെ എതിർപ്പ് ഒഴിവാക്കാൻ സി.പി.എം ആദ്യം മുതൽ തന്നെ ശ്രദ്ധ പുലർത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നലെ ജോസ്.കെ.മാണി തന്നെ നേരിട്ടെത്തി കാനം രാജേന്ദ്രനെ കണ്ടത്. ഇക്കാര്യത്തിൽ സി.പി.ഐയ്ക്ക് എതിർപ്പില്ല എന്നത് ചർച്ചയിൽ കാനം അറിയിച്ചു. ജോസ്.കെ.മാണി കൂടി മുന്നണിയിൽ എത്തുന്നതോടെ ഇടതുമുന്നണിയിലെ ശക്തി വർധിക്കും എന്നുതന്നെയാണ് സി.പി.ഐയുടേയും നിലപാടെന്ന് കാനം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ചർച്ചകളുമായി മുന്നോട്ടു പോകാമെന്നും തീരുമാനമായി. ജോസ്.കെ.മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതു മുന്നണയിലെ ഏക പ്രതിസന്ധി പാല സീറ്റുമായി ബന്ധപ്പെട്ട എൻ.സി.പി ഉയർത്തുന്ന എതിർപ്പാണ്. ഇതിനെ മുന്നണി എന്നുള്ള രീതിയിൽ ചർച്ചകളിലൂടെ പരിഹരിക്കാമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.