കേരളം

kerala

ETV Bharat / state

ആത്മവിശ്വാസത്തോടെ പ്രമുഖര്‍; ആദ്യ മണിക്കൂറില്‍ കുടുംബസമേതം - പ്രമുഖര്‍

തെരഞ്ഞെടുപ്പ് ആരംഭിച്ച ഏഴ് മണി മുതല്‍ തന്നെ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് വിഐപി വോട്ടര്‍മാരും ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.

Leaders voting  Leaders  VIP  VIP voters  voting  വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍  വോട്ട്  പ്രമുഖര്‍  സമ്മതിദാന അവകാശം
ആത്മവിശ്വാസത്തോടെ പ്രമുഖര്‍; ആദ്യ മണിക്കൂറില്‍ കുടുംബസമേതം

By

Published : Apr 6, 2021, 9:51 AM IST

Updated : Apr 6, 2021, 12:20 PM IST

തിരുവനന്തപുരം:പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടിങ് ആരംഭിച്ചത് മുതല്‍ ബൂത്തുകളില്ലാം നീണ്ട നിരയാണ്. നിരവധി പ്രമുഖരാണ് ഇതിനോടകം വിവിധ മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കാളെല്ലാം കുടുംബ സമേതമാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം നേതാക്കളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് പറയുക മാത്രമല്ല, എതിര്‍ മുന്നണികളെ ശക്തമായി കടന്നാക്രമിക്കാനും നേതാക്കള്‍ മറന്നില്ല.

എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും ചരിത്ര വിജയമുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ബോംബെല്ലാം പുറത്തെടുത്തോ എന്നറിയില്ല. എന്തായാലും ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യും.ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും അദ്ദംഹം കൂട്ടിച്ചേര്‍ത്തു. രാവിലെ 8.15ഓടെയാണ് മുഖ്യമന്ത്രി കുടുംബസമേതം വോട്ട് ചെയ്യാന്‍ ധര്‍മ്മടത്തെത്തിയത്.

കുടുംബസമേതമെത്തി വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ എൽഡിഎഫ് സർക്കാരിനെതിരായ വിധിയെഴുത്തായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. എൽഡിഎഫ് സർക്കാരിനെതിരായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ ജനങ്ങൾ സ്വീകരിച്ചു. പ്രളയം തന്നെ മനുഷ്യനിർമിതമാണെന്ന് തെളിയിക്കപ്പെട്ടു.

പ്രളയത്തിൽപ്പെട്ടവർക്ക് സഹായം ലഭിച്ചിട്ടില്ല. കൊള്ളയും, അഴിമതിയും നടത്തിയ ദുർഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സർക്കാരാണ് ഇത്. അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സർക്കാരിനുണ്ട്. നിരീശ്വരവാദിയായ പിണറായി വിജയൻ ഇപ്പോൾ അയ്യപ്പന്‍റെ കാല് പിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ട് രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

മത്സരിക്കുന്നത് പാലക്കാട് ആണെങ്കിലും എൻഡിഎ സ്ഥാനാർഥി മെട്രോമാന്‍ ഇ ശ്രീധരന് പൊന്നാനിയിലായിരുന്നു വോട്ട്. പാലക്കാട് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ബിജെപിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കൊപ്പമെത്തി നേരത്തെതന്നെ വോട്ട് രേഖപ്പെടുത്തി ഇ ശ്രീധരന്‍ പാലക്കാട്ടേക്ക് മടങ്ങി.

പാലക്കാടാണ് മത്സരമെങ്കിലും പൊന്നാനിയില്‍ വോട്ട് ചെയ്ത് മെട്രോമാന്‍ ഇ ശ്രീധരന്‍

കേരളത്തിൽ തുടർ ഭരണം ഉറപ്പെന്ന് കടകംപള്ളി സുരേന്ദ്രൻ. ഇടതു പക്ഷത്തിന് അനുകൂലമായ മാറ്റം വന്നിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി നല്ല രീതിയിൽ വിജയിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.

തുടര്‍ഭരണമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍

കൊടുവള്ളിയിലെ യുഡിഎഫ്‌ സ്ഥാനാർഥി എം.കെ മുനീർ കോഴിക്കോട് സെന്‍റ്‌ മൈക്കിൾസ് ഹൈസ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും 88 മുതൽ 100 സീറ്റ് വരെ യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ക്യാപ്റ്റനും ശിപായിമാരും എന്ന രീതിയാണ്. കോഴിക്കോട് ഏഴ്‌ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.

കൊടുവള്ളിയിലെ യുഡിഎഫ്‌ സ്ഥാനാർഥി എം.കെ മുനീർ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുന്നു

മൂന്നാം ബദലിനായി ജനം വോട്ട് ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അത്തോളി മൊടക്കല്ലൂര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയുടെ കരുത്തുറ്റ മുന്നേറ്റം പ്രകടമാകുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ കേരളത്തിലെ രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകുമെന്നും വോട്ടിങ് ശതമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരം രണ്ട് മണ്ഡലങ്ങളിലെങ്കിലും കെ സുരേന്ദ്രന് വോട്ട് കോഴിക്കോട് അത്തോളിയില്‍

വെല്ലുവിളികളെ അതിജീവിച്ച് എൻഡിഎക്ക് അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്ന് നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. രാവിലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണ ഉണ്ട്. ഇരുകൂട്ടരും വർഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ ജനം തിരച്ചറിയും. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്നും കുമ്മനം പറഞ്ഞു.

വിജയപ്രതീക്ഷ പങ്കുവെച്ച് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍

മലപ്പുറം വേങ്ങര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി. പാണക്കാട് സികെഎംഎം എഎംഎല്‍പി സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കും നിയമസഭ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് ഇവിടെ നടക്കുന്നുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

യുഡിഎഫ് തരംഗമെന്ന് ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടി

നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് കെ.കെ. രമ. യുഡിഎഫിന്‍റെ ശക്തമായ പിന്തുണയുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമ. എല്ലാ വിഭാ​ഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സിപിഎമ്മിന്‍റെ വോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തിൽ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും രമ വ്യക്തമാക്കി.

കൊലപാതക രാഷ്ട്രീയത്തിനെതിരായ പോരാട്ടം വിജയം കാണുമെന്ന് കെ കെ രമ
Last Updated : Apr 6, 2021, 12:20 PM IST

ABOUT THE AUTHOR

...view details