തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവും എം.എൽ.എയുമായ സി.എഫ് തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം. പൊതു പ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ച നേതാവായിരുന്നു സിഎഫ് തോമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് കരുത്തു പകർന്ന നേതാവായിരുന്നു സി.എഫ് തോമസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അചഞ്ചലമായ നിലപാടുമായി യു.ഡി.എഫിന് അദ്ദേഹം ശക്തി പകർന്നു.
പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും ശക്തമായും നിയമസഭ വേദികളിൽ ഉന്നയിക്കുകയും ചെയ്തിരുന്ന സാമാജികനായിരുന്നു സി.എഫ് തോമസ് എന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ സൂക്ഷമത പുതുതലമുറയിലെ സാമാജികർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.