തിരുവനന്തപുരം:
'തല നരക്കുവതല്ലെന്‍റെ വൃദ്ധത്വം
തല നരക്കാത്തതല്ലെന്‍റെ യുവത്വവും
കൊടിയദുഷ്പ്രഭുത്വത്തിന്‍റെ മുന്നിലും
തല കുനിക്കാത്തതാണെന്‍റെ യൗവനം'
തിരുവനന്തപുരം:
'തല നരക്കുവതല്ലെന്‍റെ വൃദ്ധത്വം
തല നരക്കാത്തതല്ലെന്‍റെ യുവത്വവും
കൊടിയദുഷ്പ്രഭുത്വത്തിന്‍റെ മുന്നിലും
തല കുനിക്കാത്തതാണെന്‍റെ യൗവനം'
ഇതാണ് വി.എസ് അച്യുതാനന്ദൻ. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത ക്രൗഡ് പുള്ളര്‍. പ്രവർത്തകരുടെ കണ്ണും കരളുമായ ജനനായകൻ. വിമർശനങ്ങളെ സ്വതസിദ്ധമായ ശൈലികൊണ്ട് മറികടക്കുന്ന അസാമാന്യ രാഷ്ട്രീയ നേതാവ്. നിലപാടുകളില്‍ വെള്ളം ചേർക്കാതെ ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്ന കമ്മ്യൂണിസ്റ്റ്.
1964 ല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്ന ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ) പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയ 32 നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് നേതാവ്. 96-ാം വയസിലും വിഎസിന്‍റെ വാക്കുകൾക്ക് കേരളം കാതോർക്കുന്നു. തൊഴിലാളി യൂണിയന്‍ നേതാവായി പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ട വിഎസ് 79 വർഷമായി കമ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. പുന്നപ്ര വയലാര്‍ സമരത്തിലെ മുന്നണിപ്പോരാളി. അടിയുറച്ച കമ്യൂണിസ്റ്റ് പോരാളി പാർട്ടിക്കുള്ളിലും പുറത്തും വിപ്ലവ പോരാട്ടങ്ങൾക്ക് നേതൃത്വം നല്‍കിയപ്പോൾ പാര്‍ട്ടി തലത്തില്‍ നേരിട്ടത് പത്തോളം അച്ചടക്ക നടപടികള്‍. 1964 ല്‍ ഇന്തോ-ചൈന യുദ്ധകാലത്ത് പാര്‍ട്ടി ലൈനിനെതിരെ സ്വന്തം നിലപാട് പരസ്യമാക്കിയാണ് വി.എസ് ആദ്യ അച്ചടക്ക നടപടി ഏറ്റുവാങ്ങുന്നത്. വിഎസ് - പിണറായി പോര് രൂക്ഷമായ കാലത്ത് 2007ല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. എന്നാല്‍ വിഎസിന്‍റെ ജനകീയതയില്‍ പാർട്ടിയും വിഎസ് എന്ന രണ്ടക്ഷരത്തില്‍ രാഷ്ട്രീയ കേരളവും വിശ്വസിക്കുമ്പോൾ ചിലപ്പോഴൊക്കെ പാർട്ടിക്കും അതീതനാണ് അദ്ദേഹം.
വിഭാഗീയ സമവാക്യങ്ങളിൽ പാർട്ടിയിൽ ദുർബലനായെങ്കിലും തന്‍റെ ജനസ്വാധീനം കൊണ്ട് അവയെ മറികടക്കാൻ വി.എസിന് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരിക്കെ സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് വരെ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനശൈലിയാണ് അണികളുടെ കണ്ണും കരളുമായി വിഎസിനെ മാറ്റിയത്. പാര്‍ട്ടിക്കകത്ത് അടിച്ചമര്‍ത്തുമ്പോഴും തെരഞ്ഞെടുപ്പ് വേളകളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ പാർട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത് അദ്ദേഹത്തിന്‍റെ ജനകീയതയ്ക്ക് തെളിവാണ്. മൂന്ന് പതിറ്റാണ്ടായി നിയമസഭാംഗമാണ് വി.എസ്. സഭയിലെ ഏറ്റവും മുതിർന്ന അംഗവും അദ്ദേഹം തന്നെ. ഇപ്പോൾ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായ വിഎസിന് ആഘോഷകരമായൊരു പിറന്നാൾ ഒരിക്കലും ഉണ്ടായിട്ടില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരു കേക്ക് മുറിക്കൽ. കാണാൻ എത്തിയവർക്ക് പായസം. ഇതാണ് പകരം വയ്ക്കാനാളില്ലാത്ത ജനനായകന്‍ വി എസിന്‍റെ പിറന്നാൾ ആഘോഷം.