തിരുവനന്തപുരം:ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറാൻ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടെണമെന്ന് കാണിച്ച് സി.പി.എം ജനറല്‍ സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്ത്.
സി.പി.എമ്മിന്‍റെ രാഷ്ട്രീയ ധാര്‍മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന നീക്കമാണ് കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് സി.പി.എം കേന്ദ്ര നിലപാടിന് എതിരാണ്. പിണറായി സര്‍ക്കാരിന്‍റെ ഈ നീക്കം ലോക്‌പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്‌ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നത് മാറ്റി ജഡ്‌ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്.