തിരുവനന്തപുരം:സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും കാറ്റ് എൽഡിഎഫിന് അനുകൂലമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. കേരളത്തില്‍ ബിജെപി കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും അത് പരസ്യമായി പറഞ്ഞില്ലെങ്കിലും കണ്ണുള്ള എല്ലാവർക്കും തിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ 12 മണ്ഡലങ്ങളിൽ അവർ വോട്ട് കച്ചവടത്തിന് ചർച്ച പൂർത്തിയാക്കിയിട്ടുണ്ടെന്നും ഈ ധാരണയുടെ ഭാഗമായാണ് ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപി എതിരാളിയല്ലെന്ന് ബിനോയ് വിശ്വം - ബിനോയ് വിശ്വം
കേരളത്തിലെ 12 മണ്ഡലങ്ങളിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തിന് ചർച്ച പൂർത്തിയാക്കിയിട്ടുണ്ടെന്നും ഈ ധാരണയുടെ ഭാഗമായാണ് ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സുര്യൻ കിഴക്ക് ഉദിക്കുന്ന കാലം വരെ ഇടതുപക്ഷത്തിന് ബിജെപിയുമായി ഒരു ബന്ധവും ഉണ്ടാവില്ല. അതുകൊണ്ട് ആ പ്രചാരവേലക്ക് സോപ്പ് കുമിളപോലെ അധികം ആയുസുണ്ടാകില്ല. സംസ്ഥാനത്ത് ഒരിടത്തും ത്രികോണ മത്സരം ഇല്ല. ബിജെപി ഒരു പ്രധാനപ്പെട്ട മത്സരാർത്ഥിയല്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിൻ്റെ ഒരു പാർട്ട്ണർ മാത്രമാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടർ പട്ടിക കുറ്റമറ്റതാകണമെന്നും അതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്ന ഏത് ന്യായമായ നടപടിയെയും എൽഡിഎഫ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ടുകൾ ആരായാലും ചെയ്യരുത്. ഇടതു മുന്നണി ഒരിടത്തും ഇരട്ട വോട്ട് ചേർത്തിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.