തിരുവനന്തപുരം:നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ പ്രചാരണ പരിപാടികളുമായി എൽഡിഎഫ്. കത്ത് വിവാദത്തിന് പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടാണെന്നും ഇത് നഗരസഭ ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചാണ് പ്രചാരണം. വാർഡ് തലത്തിലാണ് പ്രചാരണ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
നിയമന കത്ത് വിവാദത്തെ പ്രതിരോധിക്കാൻ വാര്‍ഡുതല പ്രചാരണവുമായി എല്‍ഡിഎഫ്
നഗരസഭ ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കത്ത് വിവാദത്തിന് പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടാണെന്നും സിപിഎം ആരോപണം. ഇന്നും നാളെയുമായി പ്രചാരണ പരിപാടികൾ നടക്കും.
ഇന്നും നാളെയുമായി നഗരസഭയിലെ നൂറുവാർഡുകളിലും പ്രചാരണ പരിപാടികൾ നടക്കും. സിപിഎം ജില്ല കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് പ്രചാരണം. നഗരസഭയിൽ മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
ഇതിനെ പൊതുജന മധ്യത്തിലെ പ്രചാരണത്തിലൂടെ നേരിടാനാണ് സിപിഎം നീക്കം. താത്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത് വന്നതാണ് വിവാദത്തിന് കാരണം. കത്ത് താൻ അയച്ചതല്ലെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്. കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.