തിരുവനന്തപുരം:പാലാ ബിഷപ്പിന്റെ ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികളുടെ യോഗം ഇന്ന് നടക്കും. നിയമസഭ തെരഞ്ഞെടുപ്പ് അവലോകനവും യോഗത്തിന്‍റെ മുഖ്യ അജണ്ടയാണ്.
വിവാദ പരാമർശം ചർച്ചയാവും
കേരള കോൺഗ്രസ്- സിപിഐ തർക്കം രൂക്ഷമായിരിക്കെ, ഇടതുമുന്നണി യോഗത്തിൽ നേതാക്കന്മാർ ഏറ്റുമുട്ടലിന് മുതിരാൻ ഇടയില്ല. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസ്‌താവനയെ പിന്തുണച്ച് കേരള കോൺഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ സിപിഎം തുടക്കത്തിൽ മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും, പിന്നീട് കുറ്റകൃത്യങ്ങൾ ഏതെങ്കിലും വിഭാഗവുമായി ചേർത്ത് പറയേണ്ടെന്ന് പരോക്ഷമായി വിമർശിക്കുകയായിരുന്നു.
അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. ക്രൈസ്‌തവ, മുസ്‌ലിം വിഭാഗം നേതാക്കളെ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും സന്ദർശിക്കുകയും എല്ലാവരെയും ഒരുമിച്ച് യോഗം വിളിക്കുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി മുന്നോട്ടുവയ്ക്കുന്ന കെ- റെയിലിന് എതിരായ നിലപാടിലേക്കും ഇന്നത്തെ യുഡിഎഫ് യോഗം കടക്കും.
Also Read: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ലക്ഷങ്ങളുടെ മരം കൊള്ള
എം.കെ മുനീർ അധ്യക്ഷനായ ഉപസമിതി നിലവിലെ രീതിയിൽ കെ- റെയിൽ നടപ്പായാൽ സംസ്ഥാനത്തെ രണ്ടായി വിഭജിക്കും എന്ന റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ സംബന്ധിച്ച് യുഡിഎഫ് ജില്ലാ ഘടകങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടും ഘടകകക്ഷികളുടെ ജില്ലാ കമ്മിറ്റികൾ തയ്യാറാക്കിയ റിപ്പോർട്ടുകളും യോഗത്തിൽ ചർച്ചയാകും.