കേരളം

kerala

ETV Bharat / state

തുറന്ന പോരിനൊരുങ്ങി എല്‍ഡിഎഫ്; ഒരു ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ ഉപരോധം നാളെ, ജില്ലകളില്‍ പ്രതിഷേധ ധര്‍ണ - നിയമസഭ

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള രാജ്ഭവന്‍ ഉപരോധവുമായി ഇടതുമുന്നണി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്.

LDF  LDF Rajbhavan Protest  Left Democratic Front  State Government  Governor  ഇടത് മുന്നണി  രാജ്ഭവന്‍ ഉപരോധം  രാജ്ഭവന്‍  പ്രതിഷേധ ധര്‍ണ  ഗവര്‍ണര്‍  തിരുവനന്തപുരം  നിയമസഭ  സര്‍വകലാശാല
തുറന്ന പോരിന് ഇടത് മുന്നണി; ലക്ഷം പേരെ അണിനിരത്തിക്കൊണ്ടുള്ള രാജ്ഭവന്‍ ഉപരോധം നാളെ, ജില്ലാടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണയും

By

Published : Nov 14, 2022, 6:00 PM IST

Updated : Nov 14, 2022, 7:14 PM IST

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ നാളെ (15.11.22) ഒരു ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ ഉപരോധവുമായി ഇടതുമുന്നണി. സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തടസപ്പെടുത്തുന്നതായും ഭരഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരിക്കുന്നതും ധനമന്ത്രി കെ.എന്‍ ബാലഗോപാലിനോടുള്ള പ്രീതി പിന്‍വലിച്ചതുമാണ് ഇത്രയും വലിയ പ്രതിഷേധമെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചത്.

സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുളള ഗവര്‍ണറുടെ ഇടപെടലുകളും കൂടിയായപ്പോള്‍ പ്രതിഷേധം കടുത്തു. ഈ മാസം മൂന്ന് മുതല്‍ തന്നെ ഇടതുമുന്നണി ഗവര്‍ണര്‍ക്കെതിരായ പ്രചരണം തുടങ്ങിയിരുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ കണ്‍വന്‍ഷന്‍ എന്ന പേരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്തത്.

ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ലഘുലേഖകള്‍ വീടുകളില്‍ എത്തിച്ചും പ്രചരണം നടന്നു. ഇതുകൂടാതെ പ്രാദേശിക തലത്തില്‍ വ്യാപകമായി പ്രതിഷേധ കൂട്ടായ്മകളും മുന്നണി സംഘടിപ്പിച്ചിരുന്നു. മാത്രമല്ല ക്യാമ്പസുകളിലും പ്രചരണം നടന്നിരുന്നു.

രാജ്ഭവനില്‍ ഒതുങ്ങില്ല : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് രാജ്‌ഭവന് മുന്നിലെ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുക. സിപിഐ ദേശീയ സെക്രട്ടറി എ.രാജയുള്‍പ്പടെ ഇടതുപക്ഷത്തെ ദേശീയ നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കും. ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപിയും മാർച്ചിൽ പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്.

നാളെ രാജ്ഭവനിന് മുന്നിലെ പ്രതിഷേധം കൂടാതെ എല്ലാ ജില്ലകളിലും പ്രതിഷേധ ധര്‍ണയും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുകയെന്ന തീരുമാനത്തിലാണ് ഇടതുമുന്നണിയുള്ളത്. ജനപങ്കാളിത്തത്തോടെയുള്ള പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ക്കെതിരായ പ്രചരണമാണ് ലക്ഷ്യം.

'പ്രതിഷേധകര്‍ക്ക് സ്വാഗതം' :അതേസമയം പ്രതിഷേധത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനുള്ളില്‍ പ്രതിഷേധിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. നിലവില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റിയുള്ള ഓര്‍ഡിനന്‍സ്, നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി എന്നിവയുള്‍പ്പടെ ബില്ലുകളും ഗവര്‍ണറുടെ പരിഗണനയിലാണ്. ഇവയില്‍ ഒപ്പിടില്ലെന്ന സമീപനത്തിലാണ് ഗവര്‍ണര്‍.

ഇത്തരത്തില്‍ നിരവധി വിഷയങ്ങളുടെ പേരിലാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിലനില്‍ക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കുന്നതിന് നിയമസഭാസമ്മേളനം നേരത്തേ വിളിച്ച് ചേര്‍ക്കുന്നതടക്കമുളള നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Last Updated : Nov 14, 2022, 7:14 PM IST

ABOUT THE AUTHOR

...view details