തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള രാഷ്ട്രീയ പോരാട്ടാത്തില്‍ ശക്തി തെളിയിച്ച് ഇടതു മുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തടസപ്പെടുത്തുന്നതായും ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം.
തലസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. പ്രകടനത്തിന്‍റെ ആദ്യ ഭാഗം മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയത്. ഇതോടെ പ്രതിഷേധക്കാരുടെ നിര വെളളയമ്പലവും കടന്ന് കനകകുന്നിന് മുന്നിലും ആല്‍ത്തറ ജങ്ഷനും കടന്ന് പോയി. ഒരു ലക്ഷം പേരെ അണി നിരത്തുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി അറിയിച്ചിരുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ഇടത് പക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുത്തു. സമരത്തിന് ദേശീയ മുഖം നല്‍കി ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ എംപിയും പ്രതിഷേധത്തിന്‍റെ ഭാഗമായി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാതിരിക്കുന്നതും ധനമന്ത്രി കെ.എന്‍ ബാലഗോപാലിനോടുള്ള പ്രീതി പിന്‍വലിച്ചതുമാണ് ഇത്രയും വലിയ പ്രതിഷേധമെന്ന തീരുമാനത്തിലേക്ക് മുന്നണിയെ എത്തിച്ചത്.