തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികളുടെ രാഷ്‌ട്രീയപ്രേരിതമായ പ്രവർത്തനങ്ങളെ ശക്തമായി നേരിടുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. വികസന പ്രവർത്തനങ്ങളെ നിശ്ചലമാക്കാനുള്ള അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി എൽ ഡി എഫ് ബൂത്ത് അടിസ്ഥാനത്തിൽ നവംബർ 16ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ.വിജയരാഘവൻ പറഞ്ഞു.
അന്വേഷണ ഏജൻസികൾക്കെതിരെ സമരവുമായി എൽഡിഎഫ് - എ.വിജയരാഘവൻ
എൽ ഡി എഫ് ബൂത്ത് അടിസ്ഥാനത്തിൽ നവംബർ 16ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.വിജയരാഘവൻ പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച രാഷ്‌ട്രീയ നേട്ടമുണ്ടാകും. കേരള കോൺഗ്രസ് വിട്ടുപോയതോടെ ശിഥിലമായ യുഡിഎഫ് രാഷ്‌ട്രീയ മാന്യതയിൽ നിന്ന് അകന്നു പോകുകയാണ്. അതുകൊണ്ടാണ് അവർ ജമാഅത്തെ ഇസ്ലാമി പോലെയുള്ള വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നത്. അഴിമതി കേസിലെ പ്രതികളും തട്ടിപ്പുകേസിൽ അറസ്റ്റിലായ എംഎൽഎയുമുള്ള യുഡിഎഫ് ആണ് അഴിമതിക്കെതിരെ ഒരു വോട്ട് എന്ന പ്രചരണം നടത്തുന്നതെന്നും എ വിജയരാഘവൻ പരിഹസിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഉടൻ പുറത്തിറക്കും. ഇതിനായി ഈ മാസം 17ന് എൽഡിഎഫ് ഉപസമിതി വീണ്ടും യോഗം ചേരും. കേരള കോൺഗ്രസ് എമ്മിന്‍റെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയാണ് ഉപസമിതി രൂപീകരിച്ചിരിക്കുന്നത്.