തിരുവനന്തപുരം: നവോത്ഥാന സംരക്ഷണസമിതിയുടെ മാതൃകയിൽ ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാൻ സർക്കാർ നീക്കം. ഇക്കാര്യം ഇന്നുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരെയും ഒരുമിച്ച് ചേർത്തുള്ള സമരമാണ് ഇതിലൂടെ സർക്കാരും സിപിഎമ്മും ലക്ഷ്യമിടുന്നത്.
ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍ - ഭരണഘടനാ സംരക്ഷണസമിതി
ഞായറാഴ്‌ച ചേരുന്ന സർവകക്ഷി യോഗത്തിൽ ഭരണഘടനാ സംരക്ഷണസമിതി എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഭരണഘടനാ സംരക്ഷണസമിതിയെന്ന ആശയം സിപിഎമ്മിനുള്ളിൽ രൂപപ്പെട്ടത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം പരിഗണിച്ചു. ഞായറാഴ്‌ച ചേരുന്ന സർവകക്ഷി യോഗത്തിൽ ഭരണഘടനാ സംരക്ഷണ സമിതി എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും. ഇതോടൊപ്പം തന്നെ ജനുവരി ഇരുപത്തിയാറിന് എൽഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ എല്ലാ സംഘടനകളേയും ഉൾപ്പെടുത്താനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളെ കൂടി സമരത്തിൽ ഉൾപ്പെടുത്താനാണ് സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ ധാരണ. ഇതിനായി പ്രാദേശിക തലത്തില്‍ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. പ്രതിഷേധത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറാണെന്ന് യോഗത്തിനുശേഷം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി എന്നീ പാര്‍ട്ടികളൊഴികെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.