തിരുവനന്തപുരം: പുതുപ്പള്ളിയിലെ ജനങ്ങൾ സന്തോഷപൂർവം അവരുടെ ജനപ്രതിനിധിയായി ജെയ്‌ക് സി തോമസിനെ തെരഞ്ഞെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യുവജന രംഗത്തും പാർട്ടി രംഗത്തും കേരളം ആകെ നിറഞ്ഞു നിന്നുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരുത്തനായ യുവ സഖാവും കേരളത്തിന്‍റെ നല്ല പ്രതീക്ഷയുമാണ് ജെയ്‌ക് എന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്കിനെ എൽഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം രണ്ട് കൈയും നീട്ടി ജെയ്ക്കിനെ സ്വീകരിക്കും. പുതുപ്പള്ളിയിൽ ജെയ്ക്കിന് നല്ല വിജയസാധ്യത ഉണ്ട്. 2016ലും 2021ലും നടന്ന തെരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളി നിയോജക മണ്ഡലം നിറഞ്ഞുനിന്ന ഒരു സ്ഥാനാർഥിയായിരുന്നു ജെയ്‌ക് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.
അതേസമയം സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ജയരാജൻ ഉന്നയിച്ചത്. ഒരു ജനപ്രതിനിധി മരണപ്പെട്ടാൽ സാധാരണ ഗതിയിൽ ഒരു മാസമെങ്കിലും കഴിഞ്ഞിട്ടേ ഇന്ത്യയുടെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളൂ. എന്നാൽ ഇത് ഒരു മാസം പോലും തികഞ്ഞിട്ടില്ല.
അതിനിടയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തങ്ങൾക്ക് ഭയം ഉണ്ടായിട്ടില്ല. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്‌തമായ നിലയിൽ ഒരു നടപടി വന്നത് എല്ലാവരുടെയും നിരീക്ഷണത്തിന് വിധേയമായിട്ടുണ്ട്.
സഹതാപ മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചത് കെപിസിസി അധ്യക്ഷന്‍: തങ്ങളുടെ സ്ഥാനാർഥി കുടുംബത്തിൽ നിന്ന് തന്നെ ആയിരിക്കുമെന്നും അവിടെ രാഷ്ട്രീയ മത്സരമല്ല സഹതാപ മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചത് കെപിസിസി അധ്യക്ഷനാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരമാണ്, അതുകൊണ്ട് ഞങ്ങൾക്കും അത് രാഷ്ട്രീയ മത്സരം തന്നെയാണ്. അത്തരത്തിലുള്ള മത്സരം തന്നെയാണ് പുതുപ്പള്ളിയിൽ ഉണ്ടാവുക.