തിരുവനന്തപുരം : കെ. റെയില്‍ പ്രതിഷേധത്തിന്‍റെ പേരില്‍ യു.ഡി.എഫിനേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് കല്ല് പറിച്ചെറിയുന്ന രോഗമാണെന്ന് വിജയരാഘവന്‍ പരിഹസിച്ചു.
കെ റയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് ഇപ്പോള്‍ ഏതുകല്ലും പറിച്ചുകളയുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ്. കല്ലിനുപകരം കമ്പിട്ടാല്‍ യു.ഡി.എഫ് അംഗീകരിക്കുമോയെന്നും വിജയരാഘവന്‍ ചോദിച്ചു. കെ റെയില്‍ വിഷയത്തില്‍ വ്യാപക പ്രചാരണം നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.
യുഡിഎഫ് വ്യാജ പ്രചാരണം നടത്തുകയാണെന്നും മാധ്യമങ്ങള്‍ അരാജക പ്രവണതക്ക് പിന്തുണ നല്‍കുകയാണെന്നും ആരോപിച്ചാണ് എല്‍.ഡി.എഫ് പ്രചാരണം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളും സംഘടിപ്പിക്കും.