തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന്‍സ് കേസ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്ക് സഞ്ചരിക്കും.
പാലാരിവട്ടം അഴിമതിക്കേസ്; നിയമം നിയമത്തിന്‍റെ വഴിക്ക് സഞ്ചരിക്കുമെന്ന് മുഖ്യമന്ത്രി
ചന്ദ്രിക ദിനപത്രത്തിന്‍റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്തും.
ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിലും ചന്ദ്രിക ദിനപത്രത്തിന്‍റെ ഓഫീസിലുമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മുന്‍മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ നിന്നും കേസ് സംബന്ധിക്കുന്ന 16 രേഖകളും ചന്ദ്രിക ദിനപത്രത്തിന്‍റെ ഓഫീസില്‍ നിന്നും 34 രേഖകളും രണ്ട് സിഡിയും ഒരു ഹാര്‍ഡ് ഡിസ്‌ക്കും കണ്ടെത്തിയിരുന്നു. ഇത് കോടതിയില്‍ ഹാജരാക്കി. രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രിക ദിനപത്രത്തിന്‍റെ പ്രസിദ്ധീകരണത്തെ ഇത് ബാധിക്കില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധന നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ആരോപണങ്ങളെ തള്ളി ഇബ്രാഹിം കുഞ്ഞ് രംഗത്തെത്തി. ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ വന്ന പണം വാര്‍ഷിക ക്യാമ്പയിനിന്‍റെ ഭാഗമായി പിരിഞ്ഞ് കിട്ടിയ പണമാണ് അതുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. കോഴിക്കോട് ഹെഡ് ഓഫീസില്‍ നിന്നും കൊച്ചിയിലെ പഞ്ചാബ് നാഷണന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. ഈ തുകയില്‍ ആദായ വകുപ്പിന് വിദശീകരണവും നല്‍കിയിട്ടുണ്ട്. അഴിമതി നടത്തി പത്രം നടത്തേണ്ട ഗതികേട് ചന്ദ്രിക പത്രത്തിനില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. നിയമസഭാ സമ്മേളനത്തിനിടെ പലവട്ടം ചന്ദ്രിക ദിനപത്രത്തിന്‍റെ ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയെ കുറിച്ച് പരാമര്‍ശം ഉയര്‍ന്നിരുന്നു. അതേസമയം ചന്ദ്രിക പത്രത്തിന്‍റെ ഓഫീസില്‍ റെയ്‌ഡ് നടന്നിട്ടില്ലെന്ന മന്ത്രി എ.കെ. ബാലന്‍റെ വാദത്തെ തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.