തിരുവനന്തപുരം: കോൺഫറൻസ് ഫീസ് ആയി കപിൽ സിബലിന് 5.50 ലക്ഷം അനുവദിച്ച് നിയമ മന്ത്രി പി രാജീവ്. ഏപ്രിൽ 13നാണ് അഡ്വക്കേറ്റ് ജനറലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ കപിൽ സിബലിന് തുക അനുവദിച്ചുകൊണ്ട് നിയമവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വർണക്കടത്ത് കേസിൽ വിചാരണ കേരളത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളണമെന്ന കേരളത്തിന്‍റെ ഭാഗം വാദിക്കാനാണ് സർക്കാർ കപിൽ സിബലിനെ സമീപിച്ചത്.
ഒരു സിറ്റിങ്ങിന് 15.50 ലക്ഷം: ഓരോ സിറ്റിങ്ങിലും ഹാജരാകുന്നതിന് 15.50 ലക്ഷം രൂപയാണ് കപിൽ സിബലിന് ഫീസായി നൽകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 10നാണ് കപിൽ സിബൽ സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ആദ്യമായി ഹാജരായത്. അന്ന് സിറ്റിങ് ഫീസായി 15.5 ലക്ഷം രൂപ നിയമ വകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകർ ഉണ്ടായിരിക്കെ , ഖജനാവിൽ നിന്നു ലക്ഷങ്ങൾ മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് കോടികള്‍: അതേസമയം കേരള ഹൈക്കോടതിയിൽ മാത്രം കേസ് വാദിക്കാനായി എത്തിയ പുറത്ത് നിന്നുള്ള അഭിഭാഷകർക്ക് ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഫീസായി നൽകിയത് 8.94 കോടി രൂപയാണ്. ഡൽഹിയിൽ നിന്നെത്തുന്ന അഭിഭാഷകർക്ക് വിമാന ടിക്കറ്റ് അടക്കം 24.94 ലക്ഷം രൂപയാണ് ചെലവാക്കിയത്. ആഡംബര ഹോട്ടലുകളിലെ താമസത്തിനും ഭക്ഷണത്തിനുമടക്കം ചെലവാക്കിയത് 8.59 ലക്ഷം രൂപ.
ALSO READ:വിക്‌ടര്‍ ടി തോമസ് ബിജെപിയില്‍ ചേർന്നു; യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിമര്‍ശനം