തിരുവനന്തപുരം : കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ നഷ്‌ടമായതിന്‍റെ ദുഃഖത്തിലായ മുതലപ്പൊഴി തീരദേശവാസികളെ ആശ്വസിപ്പിക്കാനെത്തിയ മൂന്ന് മന്ത്രിമാര്‍ പ്രകോപിതരായതില്‍ തെക്കന്‍ കേരളത്തിലെ തീരദേശമാകെ അമര്‍ഷം പുകയുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ വാ വിട്ട വാക്കും അമിതാവേശത്തില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരയ്‌ക്കെതിരായ കേസുമാണ് മന്ത്രിമാര്‍ക്കും സിപിഎമ്മിനും തിരിച്ചടിയായത്. മത്സ്യത്തൊഴിലാളികളായ നാട്ടുകാര്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചതില്‍ പ്രകോപിതനായ മന്ത്രി വി.ശിവന്‍കുട്ടി ഷോ കാണിക്കരുതെന്ന് തന്നോടാവശ്യപ്പെട്ടെന്ന ആരോപണത്തില്‍ യൂജിന്‍ പെരേര ഇന്നും ഉറച്ച് നിന്നു. ഇതോടെ കഴിഞ്ഞ ദിവസം മുതലപ്പൊഴി സന്ദര്‍ശിച്ച മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ തീര്‍ത്തും വെട്ടിലായി.
കഴിഞ്ഞ ദിവസം യൂജിന്‍ പെരേരയ്ക്കും ലത്തീന്‍ സഭയ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശമുയര്‍ത്തിയ ശിവന്‍കുട്ടിയും ആന്‍റണി രാജുവും ഇന്ന് തീര്‍ത്തും പ്രതിരോധത്തിലായി. മന്ത്രി ശിവന്‍കുട്ടി ഇന്ന് പ്രതികരണത്തിന് പോലും തയ്യാറാകാതെ ഒഴിഞ്ഞുമാറിയപ്പോള്‍ ആന്‍റണി രാജു ലത്തീന്‍ സഭ നേതൃത്വത്തെ വിട്ട് കുറ്റം കോണ്‍ഗ്രസിന് മേല്‍ ചാര്‍ത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളോട് പ്രകോപിതരാകുന്ന തരത്തിലേക്ക് ജനങ്ങളെ ഇളക്കി വിട്ടത് യൂജിന്‍ പെരേരയായിരുന്നുവെന്നാണ് ശിവന്‍കുട്ടിയുടെയും ആന്‍റണി രാജുവിന്‍റെയും ആരോപണം. പിന്നാലെ കലാപാഹ്വാനത്തിന് അദ്ദേഹത്തിനെതിരെ കേസും വന്നു. വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ അവസാനമുണ്ടായ സംഘര്‍ഷത്തില്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ പൊലീസ് 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.
മൂന്നുമാസത്തോളം നീണ്ടുനിന്ന വിഴിഞ്ഞം തുറമുഖ സമരത്തോടെ വഷളായിരുന്ന ലത്തീന്‍-സര്‍ക്കാര്‍ ബന്ധത്തിന്‍റെ വിള്ളല്‍ അല്‍പ്പാല്‍പ്പമായി മാറി വരുന്നു എന്ന തോന്നലിനിടെയുണ്ടായ ഈ സംഭവങ്ങള്‍ മത്സ്യ ബന്ധന മേഖലകളില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും തിരിച്ചടിയാകുമെന്ന് കണ്ടതോടെ സിപിഎം നേതൃത്വം ഇടപെട്ട് മന്ത്രിമാരെ പിന്തിരിപ്പിച്ചുവെന്നാണ് സൂചന. അതേസമയം വിഷയത്തിന്‍റെ രാഷ്ട്രീയം മനസിലാക്കിയ പ്രതിപക്ഷം സടകുടഞ്ഞെണീറ്റു.