തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഉറച്ച് ലത്തീൻ അതിരൂപത. അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. ഇത് ആറാം തവണയാണ് തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്.
വിഴിഞ്ഞം സമരം ശക്തിപ്പെടുത്താന്‍ ലത്തീൻ അതിരൂപത; നൂറാം ദിവസം കരയിലും കടലിലും സമരം - വിഴിഞ്ഞം സമരം
ഒക്‌ടോബര്‍ 27നാണ് വിഴിഞ്ഞം തുറമുഖ സമരം നൂറു ദിവസം പൂര്‍ത്തിയാക്കുക. അന്ന് കടലിലും കരയിലും സമരം ചെയ്യാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ വായിച്ചു
തുറമുഖ സമരത്തിന്‍റെ നൂറു ദിനം തികയുന്ന ഒക്‌ടോബർ 27 ന് കടലിലും കരയിലും സമരം സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചട്ടുണ്ട്. അഞ്ചുതെങ്ങ്, പുതുക്കുറുച്ചി ഫെറോനകളെയും ജനങ്ങളെയും സഹകരിപ്പിച്ച് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കും. വലിയതുറ, കോവളം, പുല്ലുവിള ഫെറോനകൾ മുള്ളൂർ കേന്ദ്രീകരിച്ച് കര സമരവും നടത്തും.
101-ാം ദിവസം മുതലുള്ള സമരപരിപാടികളെ കുറിച്ച് തിങ്കളാഴ്‌ച ചേരുന്ന സമരസമിതി ആലോചിച്ച് നിർദേശം നൽകുമെന്നും സർക്കുലറിൽ പറയുന്നു. തുറമുഖ കവാടത്തിലെ ഉപരോധ സമരം നാളെ 70-ാം ദിവസത്തിലേക്ക് കടക്കുകയാണ്.