കേരളം

kerala

ETV Bharat / state

സെമി ഹൈസ്പീഡ് റെയില്‍; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാൻ തീരുമാനം - land acquisition

സാധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം 1226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്ത് റെയില്‍വേക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം  സെമി ഹൈസ്പീഡ് റെയില്‍  ഭൂമി ഏറ്റെടുക്കല്‍ നടപടി  മുഖ്യമന്ത്രി പിണറായി വിജയൻ  land acquisition  semi high speed rail
സെമി ഹൈസ്പീഡ് റെയില്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാൻ തീരുമാനം

By

Published : Jan 23, 2020, 6:34 PM IST

Updated : Jan 23, 2020, 8:41 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായി സെമി ഹൈസ്പീഡ് റെയിലിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. സെമി ഹൈസ്പീഡ് റെയില്‍ ലൈനിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. സാധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം 1226 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്ത് റെയില്‍വേക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏകദേശം 200 ഹെക്ടര്‍ ഭൂമി ഇതിലൂടെ ഉപയോഗിക്കാം. ബാക്കി ഭൂമിയാകും ഏറ്റെടുക്കുക. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ആവശ്യമായ ലാന്‍റ് അക്വസിഷന്‍ സെല്ലുകള്‍ ഉടനെ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

ഇന്ത്യന്‍ റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിയുള്ള കമ്പനിയാണ് 66,000 കോടി രൂപ ചെലവു വരുന്ന പദ്ധതി നടപ്പിലാക്കുക. ഇതിന് ആവശ്യമായ പണം ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കും. ജര്‍മ്മന്‍ ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക്, ജപ്പാന്‍ ഇന്‍റർനാഷണല്‍ കോർപ്പറേഷന്‍ ഏജന്‍സി എന്നിവരുമായി വായ്പ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്രാലയം ആംഗീകരിച്ച പ്രകാരം നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയിലിലൂടെ 200 കി.മീറ്റര്‍ വേഗത്തിലാകും വണ്ടികള്‍ ഓടുക. അതായത് തിരുവനന്തപുരത്തു നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലും നാലു മണിക്കൂര്‍കൊണ്ട് കാസര്‍കോട്ടും എത്താന്‍ കഴിയും.

532 കി.മീറ്ററാണ് പാതയുടെ മൊത്തം നീളം. പാതയുടെ ആകാശ സര്‍വെയും ട്രാഫിക് സര്‍വെയും പൂര്‍ത്തിയായി കഴി്ഞ്ഞു. 220 മാര്‍ച്ചില്‍ അലൈന്‍മെന്‍റിന് അവസാന രൂപമാകും. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാനും 2024 -ല്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യം. സെമി ഹൈസ്പീഡ് റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സൗരോര്‍ജം പോലുള്ള ഹരിതോര്‍ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ചീഫ്സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ എം.ഡി വി. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Jan 23, 2020, 8:41 PM IST

ABOUT THE AUTHOR

...view details