തിരുവനന്തപുരം :സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്‍റെ ഭരണ സമിതി അധ്യക്ഷയായി ഇതാദ്യമായി ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. ജലസേചന വകുപ്പിലെ ഐഡിആര്‍ബി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച ആറ്റുകാല്‍ സ്വദേശിനി എ ഗീതാകുമാരിയാണ് പുതിയ ചെയര്‍മാന്‍. 1979 ല്‍ ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് രൂപീകൃതമായതിനുശേഷം ഇതാദ്യമായാണ് ഭരണസമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെടുന്നത്.
പദവി ആറ്റുകാലമ്മയുടെ കടാക്ഷമായാണ് കാണുന്നതെന്ന് ഗീതാകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കാരണം മുടങ്ങിയ പൊങ്കാല ഉത്സവം പൂര്‍വാധികം ഭംഗിയാക്കി അടുത്ത സീസണില്‍ നടത്തണം. ക്ഷേത്ര ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പൂങ്കാവനമാക്കി ക്ഷേത്ര ചടങ്ങുകള്‍ക്ക് ആവശ്യമായ പുഷ്പങ്ങള്‍ സ്വന്തം നിലയില്‍ കണ്ടെത്താനുള്ള പദ്ധതി പരിഗണനയിലാണ്.
ആറ്റുകാല്‍ ക്ഷേത്രഭരണസമിതി അധ്യക്ഷ പദവിയില്‍ ആദ്യ വനിത ; ലക്ഷ്യങ്ങള്‍ പങ്കുവച്ച് എ ഗീതാകുമാരി ഭരണ സമിതിയില്‍ സ്ത്രീ പുരുഷ വിവേചനമില്ലെന്നും ട്രസ്റ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് ക്ഷേത്ര കാര്യങ്ങളില്‍ പങ്കാളികളാകുന്നതെന്നും ഗീതാകുമാരി പറഞ്ഞു. അധ്യാപകരായിരുന്ന അടൂര്‍ സ്വദേശി ബാലകൃഷ്ണ പിള്ളയുടെയും ചങ്ങനാശ്ശേരി സ്വദേശിനി ആനന്ദത്തിന്‍റേയും മകളാണ്. ജോലിയുടെ ഭാഗമായാണ് മാതാപിതാക്കള്‍ തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കുന്നത്. 1979ല്‍ ട്രസ്റ്റ് രൂപീകരിക്കുന്നത് ഗീതാകുമാരിയുടെ പിതാവ് ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നായിരുന്നു.
മാതാവ് ആനന്ദത്തില്‍ നിന്നാണ് ട്രസ്റ്റി സ്ഥാനം ഗീതാകുമാരിക്ക് ലഭിച്ചത്. ഭര്‍ത്താവ് കെ എന്‍ തമ്പി ദ ഹിന്ദു ദിനപത്രത്തിന്‍റെ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ ആയിരുന്നു. മെയ് 26ന് ക്ഷേത്ര ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ഗീതാകുമാരി അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.