തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരനെതിരെ കേസ്. ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനായ വിഷ്‌ണുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
ക്ഷേത്രത്തിന്‍റെ വടക്കേ നട വഴിയിലൂടെ ദര്‍ശനത്തിയപ്പോഴാണ് സുരക്ഷ ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. അതേസമയം ദർശനത്തിന് വടക്കേ നടവഴിയിലൂടെ കടത്തി വിടാത്തതിനെ ചൊല്ലി വാക്ക് തര്‍ക്കം മാത്രമാണുണ്ടായതെന്നും താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും സുരക്ഷ ജീവനക്കാരനായ വിഷ്‌ണു പറഞ്ഞു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാകും തുടര്‍ നടപടിയിലേക്ക് നീങ്ങുക. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമെ സംഭവത്തില്‍ വ്യക്തത വരുത്താനാകൂവെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് പെരുകുന്ന അതിക്രമങ്ങള്‍: കേരളത്തില്‍ അടുത്തിടെ നിരവധി അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നിരവധി കേസുകളാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുയിടങ്ങളില്‍ പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്. അതിനുദാഹരണമാണ് കൊച്ചിയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം.
കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം:കൊച്ചിയില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ മലപ്പുറം സ്വദേശി മുസമ്മില്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്.