തിരുവനന്തപുരം: കെ.പി.സി.സി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി തീരുമാനിച്ചു. തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറി. അന്തിമ തീരുമാനം സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.
അച്ചടക്ക നടപടിയുടെ ഭാഗമായി കെ.വി തോമസിനെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കും. ഇതോടെ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും എ.ഐ.സി.സി അംഗത്വത്തില്‍ നിന്നും കെ.വി തോമസ് പുറത്താകും.
അതേസമയം, അച്ചടക്ക സമിതി തന്നോട് വിശദീകരണം ചോദിച്ചതിനു മറുപടിയായി സോണിയ ഗാന്ധിക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി അധ്യക്ഷയുടെ പരിഗണനയിലാണെന്നും തോമസ് കൊച്ചിയില്‍ പ്രതികരിച്ചു. തീരുമാനം വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച സെമിനാറിലാണ് കെ.പി.സി.സി വിലക്ക് ലംഘിച്ച് തോമസ് പങ്കെടുത്തത്.