തിരുവനന്തപുരം : കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്‍റെ പരിശോധനക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ആരോഗ്യ മന്ത്രിയെ കണ്ടു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കണമെന്നും ആവശ്യമുണ്ട്.
പത്രപ്രവർത്തക യൂണിയൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി - kuwj
മെഡിക്കല്‍ ബുള്ളറ്റിൻ ഇറക്കുന്ന കാര്യത്തില്‍ നിയമ വശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും
സാധാരണ ഏത് രോഗിക്കും ലഭിക്കുന്ന പരിഗണന മാത്രമെ മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ട രാമനും നല്‍കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കും. മെഡിക്കല്‍ ബുള്ളറ്റിൻ ഇറക്കുന്ന കാര്യത്തില്‍ നിയമ വശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. ശ്രീറാം നേരത്തെ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ എന്തൊക്കെ ചികിത്സ തേടി എന്ന കാര്യം പരിശോധിക്കണമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ശ്രീറാം വെങ്കിട്ട രാമനെ മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലില്‍ നിന്നും സര്‍ജ്ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ഇതിനെതിരെയും പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. എന്ത് പരിക്കിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ ഐസിയുവിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.