കേരളം

kerala

By

Published : Jul 4, 2023, 7:13 PM IST

ETV Bharat / state

KUWJ | 'മറുനാടന്‍ മലയാളി' മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്‌ഡ് കേട്ടുകേള്‍വിയില്ലാത്തത് ; അപലപിച്ച് കെയുഡബ്ല്യുജെ

മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന പൊലീസ് റെയ്‌ഡിനെ അപലപിക്കുന്നുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യോജിപ്പില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകരോടുള്ള സമീപനം പ്രതിഷേധാര്‍ഹമെന്ന് കെയുഡബ്ല്യുജെ

കെയുഡബ്ല്യുജെ  മറുനാടന്‍ മലയാളി  മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്‌ഡ്  കേട്ടുകേള്‍വിയില്ലാത്തത്  റെയ്‌ഡില്‍ അപലപിക്കുന്നു  Marunadan Malayali  media workers  KUWJ condemns the raid on houses of media workers
കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം : പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ശക്തമായി അപലപിക്കുന്നതായി സംസ്ഥാന ഭാരവാഹികള്‍. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെയുളള കേസിന്‍റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്‌ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണിത്.

മറുനാടന്‍ മലയാളിക്കും അതിന്‍റെ ഉടമ ഷാജന്‍ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണമെന്ന് തന്നെയാണ് യൂണിയന്‍ നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പില്ല. എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്‍റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ പ്രസിഡന്‍റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.

ഉടമയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്‍റെ അന്തസ് കെടുത്തുന്ന നടപടിയാണെന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് രാവിലെ മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരത്തെ പ്രധാന ഓഫിസില്‍ പൊലീസ് റെയ്‌ഡ് നടത്തി. മാത്രമല്ല തിരുവനന്തപുരത്തെ ഓഫിസില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെയും അവരുടെ ബന്ധുക്കളുടെയും വീട്ടില്‍ പൊലീസ് റെയ്‌ഡ് നടത്തി. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഓഫിസിലെ കമ്പ്യൂട്ടറും ലാപ്‌ടോപ്പും പിടിച്ചെടുത്ത പൊലീസ് ഓഫിസ് നിര്‍ബന്ധമായി അടപ്പിക്കുകയും ചെയ്‌തു.

മറുനാടന്‍ മലയാളിയുടെ ഹെഡ്‌ ഓഫിസിലെത്തി പൊലീസ് : കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം പട്ടത്തെ മറുനാടന്‍ മലയാളിയുടെ പ്രധാന ഓഫിസില്‍ പൊലീസ് റെയ്‌ഡ് നടത്തിയത്. ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. ഓഫിസിലെ കമ്പ്യൂട്ടറുകളും ക്യാമറകളും അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തതോടെ ചാനലിന്‍റെ പ്രവര്‍ത്തനം നിലച്ചു.

കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ നല്‍കിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പട്ടിക ജാതി പീഡന നിയമ പ്രകാരമാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തത്.

also read:Marunadan malayali | 'മറുനാടന്‍ മലയാളി'യുടെ ഓഫിസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും റെയ്‌ഡ്, മിന്നല്‍ പരിശോധനയുമായി പൊലീസ്

കേസിന് പിന്നാലെ ഒളിവില്‍ പോയ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി എറണാകുളം ജില്ല സെഷന്‍സ് കോടതിയിലെത്തിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ഷാജന്‍ സ്‌കറിയ ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യപേക്ഷ തള്ളുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ABOUT THE AUTHOR

...view details