തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറു മാസം മാത്രവും കൊവിഡ് മഹാമാരി പ്രതിസന്ധിയും കണക്കിലെടുത്താണ് തീരുമാനം.
കൊവിഡ് അതിരൂക്ഷമായി തുടരുകയും 2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നടപടിക്രമങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടിരുന്നു.
ചീഫ് സെക്രട്ടറി ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇതു കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇടിവി ഭാരതിനോടു പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ക്രമീകരണത്തിനായിരിക്കും ഇനി ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.