തിരുവനന്തപുരം : മുൻ വർഷത്തേക്കാൾ നാല് കോടിയുടെ അധിക കച്ചവടവുമായി ഓണ വിപണിയിൽ വിജയഗാഥ തീർത്ത് കുടുംബശ്രീ (Kudumbashree with record sales in Onam market). 1,087 ഓണച്ചന്തകളിൽ (Onam Market) നിന്നായി 23.9 കോടി രൂപയുടെ കച്ചവടമാണ് ഈ ഓണത്തിന് കുടുംബശ്രീ (Kudumbashree) നടത്തിയത്. കഴിഞ്ഞ വർഷം 19 കോടിയായിരുന്നു കച്ചവടം.
3.25 കോടി രൂപയുടെ വിൽപന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഓണത്തിന് മുൻപേ വിളവെടുത്ത പൂകൃഷി, വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോത്‌പന്നങ്ങള്‍, കാര്‍ഷിക ഉത്‌പന്നങ്ങള്‍ എന്നിവയിലൂടെയാണ് കുടുംബശ്രീയുടെ ചരിത്ര നേട്ടം. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത് മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്.
എല്ലാ സിഡിഎസ് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും കുടുംബശ്രീ ഇത്തവണയും ഓണം വിപണന മേളകളൊരുക്കിയിരുന്നു. വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന് ജില്ല തലത്തില്‍ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തില്‍ 12,000 രൂപയും കുടുംബശ്രീ നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വരെ ഓണവിപണന മേളകള്‍ക്ക് നൽകാനുള്ള അനുമതി സർക്കാർ നൽകിയിയിരുന്നു. കുടുംബശ്രീയുടെ 20,990 സ്വയംസഹായ സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉത്‌പന്നങ്ങള്‍ മേളയിൽ വിൽപന നടത്തി.